തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അങ്കത്തിനൊരുങ്ങി മുന്നണികൾ. അന്തിമ വോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചതോടെ പട്ടിക പരിശോധനയുടെ തിരക്കിലാണ് മുന്നണി പ്രവർത്തകർ. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. അതിനുമുമ്പ് തന്നെ സീറ്റ് വിഭജനത്തിനും സ്ഥാനാർഥി നിർണയത്തിനുമുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങി. പരാതിയില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുകയെന്നതാണ് ഇരു മുന്നണികളും നേരിടുന്ന പ്രധാന വെല്ലുവിളി. സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ പ്രധാന മുന്നണികളിൽ സജീവമാണ്. ചിലയിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും ആരംഭിച്ചു.
കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റികൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, 70 പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുക. യു.ഡി.എഫും എൽ.ഡി.എഫും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സ്റ്റാറ്റസ്‌കോ നിലനിർത്തിയാകും മിക്കയിടത്തും സീറ്റ് വിഭജനം നടക്കുക. അതേസമയം, ചിലയിടങ്ങളിൽ സാഹചര്യം കണക്കിലെടുത്ത് നീക്കുപോക്കുകൾക്ക് മുന്നണികൾ നിർബന്ധിതരാവും. കോർപറേഷനും ജില്ലാപഞ്ചായത്തും ജില്ലയിലെ ഭൂരിഭാഗം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും നിലവിൽ എൽ.ഡി.എഫിനൊപ്പമാണ്. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈയുള്ളത്. ഏഴിൽ നാലിടത്ത് യു.ഡി.എഫ് ഭരണമാണുള്ളത്.
പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെ തന്നെ കളത്തിലിറങ്ങിയിതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2010ലെ മികച്ച പ്രകടനം ആവർത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പരമാവധി തദ്ദേശസ്ഥാപനങ്ങളുടെ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് യു.ഡി.എഫ് ആവിഷ്‌കരിക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കുറ്റവിചാരണയാത്രയും ഭരണമുള്ള സ്ഥലങ്ങളിൽ വികസനമുന്നേറ്റ ജാഥയും നടത്തി തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ ഒരുക്കങ്ങൾ യു.ഡി.എഫ് നടത്തിക്കഴിഞ്ഞു. കോർപറേഷനിൽ മുസ്‍ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ രണ്ട് ജാഥകൾ നടത്തി. സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരവിമോചന യാത്രയും നോർത്ത് മണ്ഡലം കമ്മിറ്റി നഗരരക്ഷായാത്രയുമാണ് നടത്തിയത്.
സൗത്ത് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ ജനസമ്പർക്കയാത്രയും ശ്രദ്ധേയമായിരുന്നു. പ്രാദേശിക സീറ്റ് ചർച്ചകൾ നടന്നുവരികയാണ്. 30നകം ഘടകകക്ഷികളുമായി സീറ്റ് ചർച്ചകൾ പൂർത്തിയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. തർക്കമുള്ള സ്ഥലങ്ങളിലെ തീരുമാനം ജില്ലാ നേതൃത്വമാണ് എടുക്കുക. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ഘടകക്ഷികളുടെ ജില്ലാ നേതൃത്വം ചർച്ച ചെയ്ത് തീരുമാനമെടുക്കും. കോർപറേഷൻ സീറ്റ് വിഭജനത്തിന് കോൺഗ്രസും മുസ്‍ലിം ലീഗും പ്രത്യേക ഉപസമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. വടകര മേഖലയിലും മാവൂർ, അത്തോളി പഞ്ചായത്തുകളിലും ആർ.എം.പിയുമായി സീറ്റ് പങ്കിടേണ്ടതുണ്ട്.
പുതുതായി യു.ഡി.എഫിന്റെ ഭാഗമായ കേരള പ്രവാസി അസോസിയേഷനും സീറ്റ് ആവശ്യപ്പെടുന്നുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കാനാണ് വെൽഫെയർ പാർട്ടിയുടെ തീരുമാനം. സീറ്റ് ചർച്ചയിൽ വെൽഫെയർ പാർട്ടിയെയും യു.ഡി.എഫിന് പരിഗണിക്കേണ്ടിവരും.
എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. കോർപറേഷനിലും ഭരണമുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വികസന സന്ദേശയാത്രകൾ പൂർത്തിയാക്കി. തദ്ദേശസ്ഥാപനങ്ങളിൽ നടന്നുവരുന്ന വികസന സദസുകളും തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ചർച്ച ഉടൻ പൂർത്തിയാക്കണമെന്ന് ജില്ലാ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. 31നകം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം.
സി.പി.ഐ, എൻ.സി.പി, കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി, ജെ.ഡി.എസ്, എൻ.സി.പി എന്നീ കക്ഷികൾക്ക് പുറമെ ഐ.എൻ.എൽ, നാഷനൽ ലീഗ് എന്നീ കക്ഷികളും സി.പി.എമ്മിനോട് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണത്തെ മേൽക്കൈ നിലനിർത്തുന്നിതനൊപ്പം നഷ്ടപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും എൽ.ഡി.എഫ് ആവിഷ്‌കരിക്കുന്നുണ്ട്. മുതിർന്ന നേതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്.
തന്ത്രം മെനഞ്ഞ് ബി.ജെ.പിയും
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ മറ്റ് പാർട്ടികൾ കാര്യമായ അവകാശവാദം ഉന്നയിക്കാത്തത് ബി.ജെ.പിക്ക് ആശ്വാസമാണ്. മൂന്ന് ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ സ്ഥാനാർഥി ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച കോർപറേഷൻ ഉൾപ്പെടെയുള്ള വാർഡുകൾ നിലനിർത്തുന്നതിനൊപ്പം കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
Preparations for the Kerala Local Body Elections are intensifying in Kozhikode. With the final voter list published, all political fronts (UDF, LDF, and BJP) have started crucial seat-sharing discussions and candidate selection. The UDF is campaigning to replicate its past success, while the LDF is focused on retaining its current strongholds and reclaiming lost bodies. The BJP is also strategising to increase its seat count. The coming weeks are set to see final agreements and the formal announcement of the election schedule.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."