കല്ലന്‍തോട് നീര്‍ത്തട പദ്ധതി ഈ മാസത്തോടെ യാഥാര്‍ഥ്യമാകും
മുക്കം: 25 വര്‍ഷത്തോളം കൃഷി മുടങ്ങിക്കിടന്ന കൊടിയത്തൂര്‍ ചെറുവാടിയിലെ കര്‍ഷകര്‍ക്കു പുതിയ പ്രതീക്ഷ നല്‍കി കല്ലന്‍തോട് നീര്‍ത്തട പദ്ധതി പ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടന്നു. പമ്പ്ഹൗസിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കല്ലന്‍തോടിന്റെ നവീകരണവും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയാറാക്കി. കല്ലന്‍തോടിന്റെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തെ ചെളി വാരിക്കളയുന്നതായി ആലപ്പുഴയില്‍ നിന്ന് ബാര്‍ജ് അടക്കമുള്ളവ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഇന്നു തുടങ്ങും. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കര്‍ഷകര്‍ക്കായി നീര്‍ത്തട പദ്ധതി സമര്‍പ്പിക്കുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല പറഞ്ഞു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, പന്നിക്കോട്, പൊറ്റമ്മല്‍ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 500 ഏക്കറോളം വരുന്ന സ്ഥലത്ത് ആദ്യഘട്ടത്തില്‍ നെല്‍കൃഷി ആരംഭിക്കും. 80 ലക്ഷത്തോളം രൂപ ചെലവില്‍ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലാണു പദ്ധതി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും കൃഷിഭവനും കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത കര്‍ഷകരുടെ യോഗത്തില്‍ പുഞ്ചപ്പാടത്തു നെല്‍കൃഷിയിറക്കാന്‍ ധാരണയായിരുന്നു. വയലിലെ അമിതമായ വെള്ളക്കെട്ടാണ് ഇവിടെ കൃഷിയിറക്കുന്നതിനു പ്രധാന തടസം. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കല്ലന്‍തോട് പദ്ധതിക്കു തുടക്കം കുറിച്ചത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ നെല്‍കൃഷിയിറക്കാന്‍ കര്‍ഷര്‍ക്കൊപ്പം കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കും തയാറാകും. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ബാങ്കിനു കീഴിലെ അഗ്രോ സര്‍വിസിന്റെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്കു കൃഷിയിറക്കാന്‍ പറ്റാത്ത സ്ഥലത്തു ബാങ്ക് കൃഷിയിറക്കും. കര്‍ഷകര്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നല്‍കാനും ബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പന്നിക്കോട് എടപ്പറ്റയില്‍ നിന്നു തുടങ്ങി ചെറുവാടി ഇരുവഴിഞ്ഞിപ്പുഴയില്‍ എത്തിച്ചേരുന്ന കല്ലന്‍തോട് പല ഭാഗങ്ങളിലും സംരക്ഷണഭിത്തി പൊളിഞ്ഞ് ഏതു സമയത്തും വയലില്‍ വെള്ളക്കെട്ടായിരുന്നു. വെള്ളകെട്ട് മാറിയതോടെ പൊറ്റമ്മല്‍ ഭാഗങ്ങളിലെല്ലാം ചില കര്‍ഷകര്‍ നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.
വയലില്‍ വെള്ളം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഒഴുക്കിക്കളയാനും ജലം ആവശ്യമുള്ളപ്പോള്‍ വയലുകളിലേക്കു തിരിച്ചുവിടാനും തടയണയും നിര്‍മിക്കും. പുഞ്ചപ്പാടത്ത് കൃഷിയിറക്കാന്‍ സന്നദ്ധരായി നിരവധി കര്‍ഷകരും മുന്നോട്ടുവന്നിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനൊപ്പം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സുഭാഷ്, റെയ്ഡ്‌കോ ഉദ്യോഗസ്ഥന്‍ ശിവദാസന്‍, ചെറുകിട ജലസേചന വകുപ്പ് എം.ഡി ഫൈസല്‍, പദ്ധതി സ്‌പെഷല്‍ ഓഫിസര്‍ നാരായണന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍ എന്നിവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."