കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു
പൂന്തുറ: തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് കടലിൽ വീണ ഫുട്ബോൾ എടുത്തുകൊടുത്ത ശേഷം തിരികെ വരുമ്പോൾ പൊഴിയിലെ ചുഴിയിൽപ്പെട്ട് യുവാവിനെ കാണാതായി. പൂന്തുറ ജോൺപോൾ രണ്ടാമൻ തെരുവിൽ ഹൃദയദാസൻ്റെയും ഷാർലറ്റിന്റെയും മകനായ ജോബിനെ (24) യാണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. വെൽഡിങ് തൊഴിലാളിയായ ജോബ്, വർക്ക്‌ഷോപ്പ് അവധിയായതിനെ തുടർന്ന് ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടൻ, അജീഷ്, മനുദാസ് എന്നിവർക്കൊപ്പം പൂന്തുറ പൊഴിക്കരയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു.ഇതിനിടെ പൂന്തുറ കടൽത്തീരത്ത് ഫുട്‌ബോൾ കളിച്ചിരുന്ന കുട്ടികളുടെ പന്ത് കടലിൽ വീണു.
കുട്ടികൾ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ജോബ് കടലിലിറങ്ങി പന്തെടുത്ത് അവർക്ക് എറിഞ്ഞുകൊടുത്തു.പന്ത് കൊടുത്ത ശേഷം കരയിലേക്ക് നടന്നുവരുമ്പോഴാണ് പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട് ജോബ് താഴ്ന്നുപോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
സംഭവമറിഞ്ഞ് പൂന്തുറ ഇടവക വികാരി ഫാ. ഡാർവിൻ, കൗൺസിലർ മേരി ജിപ്‌സി, ജോബിന്റെ ബന്ധുക്കൾ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് തിരുവല്ലം, പൂന്തുറ പൊലിസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ സജീവ്, ജെ. പ്രദീപ് എന്നിവരടക്കമുള്ള പൊലിസ് സംഘവും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
വിഴിഞ്ഞം കോസ്റ്റൽ എസ്.എച്ച്.ഒ. വിപിൻ്റെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്‌ധരായ സാദിക്, സിയാദ്, നിസാം, കിരൺ, അലക്‌സാണ്ടർ, വാഹിദ് എന്നിവർ പൊഴിഭാഗത്തും കരമനയാറിൻ്റെ ഭാഗത്തും തിരച്ചിൽ നടത്തി. സന്ധ്യവരെ തിരച്ചിൽ നടത്തിയെങ്കിലും ജോബിനെ കണ്ടെത്താനായില്ല.ബുധനാഴ്ചയും തിരച്ചിൽ തുടരുമെന്ന് പൊലിസ് അറിയിച്ചു. പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."