ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനീഷ്യേറ്റിവ്: നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സഊദിയിലെന്ന് എം.എ യൂസഫലി
റിയാദ്: ആഗോള കമ്പനികളുടെയും നിക്ഷേപകരുടെയും മികച്ച സാന്നിധ്യവും, പുതിയ നിക്ഷേപ സാധ്യകളും ചർച്ചയായി ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് റിയാദിൽ പുരോഗമിക്കുന്നു. മെനാ മേഖലയുടെ, പ്രത്യേകിച്ചും സഊദി അറേബ്യയുടെ മികച്ച നിക്ഷേപ സാധ്യതകൾക്ക് കരുത്തേകുന്നതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ്. മാറുന്ന നിക്ഷേപ സാധ്യകളും, സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവിലെ പാനൽ സെഷനുകളിൽ ചർച്ചയായി. നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സഊദി അറേബ്യയിലേതെന്നും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ സഊദി വിഷൻ 2030ന് വേഗത പകരുമെന്നും യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ എകോണമി, മികച്ച അടിസ്ഥാന സൗകര്യം, മികച്ച ഭരണ നേതൃത്വം, നിക്ഷേപ സൗഹൃദ നയങ്ങൾ എന്നിവ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്. സഊദി വിഷൻ 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്ന്-നാല് വർഷത്തിനകം പൂർണമായും യാഥാർഥ്യമാകും. നിലവിൽ 71 സ്റ്റോറുകളാണ് സഊദിയിൽ ലുലുവിനുള്ളത്. സഊദി സ്വദേശികൾക്കും മികച്ച തൊഴിലവസരമാണ് ലുലു നൽകുന്നത്.
നഗരാതിർത്തികളിലേക്കും ടൗൺഷിപ് വിപുലമാകുന്ന ഘട്ടത്തിൽ ലുലുവും രാജ്യത്ത് മികച്ച വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി. ഡിജിറ്റൽവത്കരണം, എ.ഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റമാണ് സഊദി അറേബ്യ നടത്തുന്നത്. വ്യവസായ രംഗത്തും ഈ മാറ്റങ്ങൾ ഉൾക്കൊള്ളാനാണ് ശ്രമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ സഊദി വിഷൻ 2030ന് വേഗത പകരും. കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ മികച്ചതാണെന്നത് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർട്ണർ ഉമർ അൽ മജ്ദൂൽ പറഞ്ഞു. ഗുഡ് ഗവേണൻസിന്റെ ഉദാഹരണമാണ് സഊദിയിലേതുന്നും, ആഗോള നിക്ഷേപകരെ ആകർഷിക്കാൻ ഈ ഭരണ മികവ് ഗുണം ചെയ്യുന്നുണ്ടെന്നും വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫിസർ അലി അയ്യൂബ് അഭിപ്രായപ്പെട്ടു.
സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രംഗത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് ബി ക്യാപിറ്റൽ സഹ സ്ഥാപകനും സഹ സി.ഇ.ഒയുമായ രാജ് ഗാംഗുലി ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിവിധ സെഷനുകളിലെ ചർച്ചയിൽ ആഗോള കമ്പനികളുടെ മേധാവിമാർ ഉൾപ്പടെ പങ്കെടുത്തു. നാല് ദിവസത്തെ സമ്മിറ്റിൽ ചൈനീസ് വൈസ് പ്രസിഡണ്ട് ഉൾപ്പെടെ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ഒമ്പതിനായിരത്തിൽ പരം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."