സ്വര്‍ണത്തിന് വില കൂടുമ്പോള്‍ പുതിയ സാധ്യതയായി വികസിച്ച് വെള്ളി വ്യാപാരം; വെള്ളിയിലേക്ക് മാറ്റിപ്പിടിച്ച് ലാഭം കൊയ്ത് ദുബൈയിലെ നിക്ഷേപകര്‍ | Silver Rate
ദുബൈ: സ്വര്‍ണത്തിന് വില കൂടിക്കൊണ്ടിരിക്കെ, ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ മടികാണിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളി ആഭരണ മേഖലയിലേക്ക് ചുവട് മാറ്റി വിജയകരമായി ലാഭംകൊയ്ത് ദുബൈയിലെ നിക്ഷേപകര്‍. വര്‍ഷങ്ങളായി സ്വര്‍ണത്തില്‍ നിക്ഷേപിച്ച് വരികയായിരുന്ന ദുബൈ ആസ്ഥാനമായ ബിസിനസുകാരന്‍ അശ്‌റഫ് മാലിക് ആണ്, ഇങ്ങനെ സ്വര്‍ണത്തിലേക്ക് മാറ്റിപ്പിടിച്ച് വിജയിച്ചവരില്‍ ഒരാള്‍.
സെപ്റ്റംബര്‍ ഒന്നിന് കിലോഗ്രാമിന് ഏകദേശം 4,807 ദിര്‍ഹം (1,15,000 രൂപ) വിലയുണ്ടായിരുന്നപ്പോള്‍ മാലിക് രണ്ട് കിലോഗ്രാം വെള്ളി വാങ്ങി. ഇതിന് ചെലവിട്ടത് ആകെ 9,614 ദിര്‍ഹം (2.30 ലക്ഷം രൂപ). എന്നാല്‍ വെറും ആറാഴ്ചയ്ക്കുശേഷം ഒക്ടോബര്‍ 20ന് വില കിലോഗ്രാമിന് 6,192 ദിര്‍ഹം ആയി ഉയര്‍ന്നതോടെ അദ്ദേഹം തന്റെ വെള്ളി നിക്ഷേപം 12,384 ദിര്‍ഹത്തിന് (2.98 ലക്ഷം രൂപ) വില്‍പ്പന നടത്തി. അതായത് 2,770 ദിര്‍ഹം (67000 രൂപ) ലാഭം. ഏകദേശം 30 ശതമാനത്തോളമാണ് ആറാഴ്ച കൊണ്ട് അദ്ദേഹം നേടിയത്.
ഇത്ര വേഗത്തില്‍ വില കയറുമെന്നു കരുതിയില്ലെന്നും കുറച്ച് കൂടി കാത്തിരിക്കാമെന്നു വിചാരിച്ചെങ്കിലും, വില കുത്തനെ കയറുന്നത് കണ്ടപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചുവെന്നും മാലിക് പറഞ്ഞു. വലിയ നിക്ഷേപമല്ലെങ്കിലും വെള്ളിയില്‍ നല്ല ലാഭസാധ്യതയുണ്ടെന്ന് ഇതിലൂടെ മനസ്സിലായി- അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിക്ക് സ്വര്‍ണത്തെക്കാള്‍ കുതിപ്പ്
ആഗോള തലത്തില്‍ തന്നെ ഈ വര്‍ഷം വെള്ളിയുടെ വില വര്‍ധന സ്വര്‍ണത്തേക്കാള്‍ കുത്തനെയായിരുന്നു. സ്വര്‍ണവില കഴിഞ്ഞ വര്‍ഷാവസാനത്തിലെ ഔണ്‍സിന് 2,659 യുഎസ് ഡോളര്‍ മുതല്‍ 4,017 ഡോളര്‍ വരെ (52%) ആണ് ഉയര്‍ന്നത്.
അതേസമയം വെള്ളി 28.78 ഡോളര്‍ മുതല്‍ 50 വരെ ഡോളര്‍ (73%) വരെയും വര്‍ധിച്ചു. അതായത്, സ്വര്‍ണത്തെക്കാള്‍ വര്‍ധനവാണ് വെള്ളിയിലുണ്ടായത്. വില കുറവായതും വ്യവസായ ആവശ്യകത വര്‍ധിച്ചതുമാണ് വെള്ളിയെ യുഎഇയിലെ നിക്ഷേപകര്‍ക്കിടയില്‍ ഹോട്ട് ചോയിസാക്കുന്നത്.
ദീപാവലി സീസണില്‍ വെള്ളിക്ക് വന്‍ ഡിമാന്റ്
കഴിഞ്ഞ മാസങ്ങളില്‍ വെള്ളിയിലേക്കുള്ള താല്‍പര്യം കുത്തനെ ഉയര്‍ന്നതായി യുഎഇയിലെ ആഭരണ വ്യാപാരികള്‍ പറയുന്നു. ദീപാവലിക്കാലത്ത് ആവശ്യത്തിന് വെള്ളി ലഭിക്കാതെ മാര്‍ക്കറ്റില്‍ ചെറിയ ക്ഷാമം അനുഭവപ്പെട്ടതായി ജുവല്‍ ട്രേഡിംഗ് സീനിയര്‍ മാനേജര്‍ ചിന്തന്‍ പാട്‌നി പറഞ്ഞു.
വെള്ളിയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പല നിക്ഷേപകര്‍ക്കും ഇത് സുരക്ഷിതമായ പുതിയ വഴിയായി മാറിയിരിക്കുന്നുവെന്നും സ്വര്‍ണത്തിനൊപ്പം വെള്ളിയും വളരുകയാണെന്നും ദുബൈയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റീട്ടെയില്‍ മേധാവി വിവേക് ജെ. പറഞ്ഞു. ചെറുതായി തുടങ്ങാനോ ബിസിനസ് വൈവിധ്യമാക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളി മികച്ച ഓപ്ഷനാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വെള്ളി നിക്ഷേപകര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം- വിവേക് കൂട്ടിച്ചേര്‍ത്തു.
അലങ്കാരത്തില്‍നിന്ന് ടെക്‌നോളജിയിലേക്കുള്ള വെള്ളിയുടെ യാത്ര
മുമ്പ് ആഭരണങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന വെള്ളി ഇന്ന് വ്യവസായ സാങ്കേതിക രംഗങ്ങളിലും പ്രധാന ഘടകമായി മാറിയിട്ടുണ്ട്. എഐ ടെക്‌നോളജി, സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇന്ന് വെള്ളി ഉപയോഗിക്കുന്നു. ആവശ്യകത വര്‍ധിക്കുമ്പോഴും വിതരണത്തില്‍ മാറ്റമില്ലാത്തതിനാല്‍ വിലകൂടാനുള്ള സാധ്യത ശക്തമാണെന്നും പാട്‌നി നിരീക്ഷിച്ചു. ഈ വര്‍ഷം വെള്ളി ഔണ്‍സിന് 55 ഡോളര്‍ വരെ കയറി. പിന്നീട് ചെറിയ കുറവ് കണ്ടെങ്കിലും, വിപണി പ്രവണത ദീര്‍ഘകാലത്തേക്ക് പോസിറ്റീവാണ്. ചെറുതും വലുതുമായ നിക്ഷേപകര്‍ വെള്ളിയിലേക്കു തിരിയുന്നത് ഇതിന് തെളിവാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: As silver prices outperformed gold in 2025, UAE investors are cashing in on the cheaper metal. Dubai trader Ashraf Malik earned nearly 30% profit in less than two months, reflecting the growing trend among investors. Experts say silver’s rising industrial demand and lower entry cost make it a strong alternative to gold.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."