കടപ്പുറത്ത് സുനാമി ഭീതിയൊഴിപ്പിച്ച് മോക്ഡ്രില്‍
കാസര്‍കോട് : ചേരങ്കൈ കടപ്പുറത്ത് ലൈറ്റ് ഹൗസ് മുതല്‍ ചേരങ്കൈ ബീച്ച് വരെ സുനാമി ഭീഷണിയുണ്ടായി. ഇന്നലെ രാവിലെ 11 നു പാകിസ്ഥാനിലെ കറാച്ചിക്കടുത്ത് മക്രാന്‍ കടലിടുക്കില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലില്‍ നിന്ന് 11.50 ന് കാസര്‍കോട് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്ലിലേക്കും വിവരം ലഭിച്ചു. തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരുകയും 12.05 ന് തീരദേശ പോലിസിനും അടിയന്തിര സന്ദേശം നല്‍കുകയുമായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിയ്ക്ക് കാസര്‍കോട് ലൈറ്റ് ഹൗസ് മുതല്‍ ചേരങ്കൈ കടപ്പുറം വരെയായിരുന്നു സുനാമി സാധ്യത. തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എ ഡി എം കെ അംബുജാക്ഷന്‍, അതോറിറ്റിയിലെ മറ്റ് അംഗങ്ങള്‍ എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരത്ത് നിന്നും 100 മീറ്റര്‍ അകലത്തില്‍ താമസിക്കുന്നവരെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. 87 വീടുകള്‍, ഒരു അംഗന്‍വാടി എന്നിവിടങ്ങളില്‍ നിന്നായി 510 സ്ത്രീകള്‍, 315 പുരുഷന്മാര്‍, 90 കുട്ടികള്‍ എന്നിവരെ അടുത്തുളള ഇസ്വത്തുല്‍ ഇസ്ലാം മദ്രസ്സ ഹാളിലേക്ക് മാറ്റി. ഇവര്‍ക്ക് ലഘു ഭക്ഷണവും തയ്യാറാക്കിയിരുന്നു. തഹസില്‍ദാര്‍ ജയരാജന്‍വൈക്കത്ത് തീരദേശപൊലിസ് ഇന്‍സ്‌പെക്ടര്‍ പി കെ സുധാകരന്‍ എന്നിവര്‍ സംഭവസ്ഥലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എന്‍ഡോസല്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടികലക്ടര്‍ എം അബ്ദുള്‍സലാം മോക്ഡ്രില്‍ നിരീക്ഷകനായിരുന്നു. വിവിധ സന്നദ്ധ സംഘടനാപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭ കൗണ്‍സിലര്‍മാരായ മിസ്‌റിയ ഹമീദ്, കെ ജി മനോഹരന്‍ എന്നിവരും രക്ഷാസംഘത്തോടൊപ്പമുണ്ടായിരുന്നു. ജില്ലാഭരണകൂടം, പൊലിസ്, എന്‍ ഡി ആര്‍എഫ്, തീരദേശരക്ഷാസേന, ഫയര്‍ഫോഴ്‌സ്,ഫിഷറീസ്, ആരോഗ്യ വകുപ്പ്, കെ എസ് ഇ ബി , പൊതുമരാമത്ത് തുടങ്ങിയവര്‍ സംയുക്തമായി ജാഗരൂകരായി കസബ കടപ്പുറത്ത് സജ്ജരായതോടെ കടലില്‍ അകപ്പെട്ടുപോയ രണ്ട് ബോട്ട്, അതിലുണ്ടായിരുന്ന 35 ഓളം പേര്‍ക്ക് രക്ഷയായി. എന്‍ ഡി ആര്‍ എഫ് സേനാംഗങ്ങള്‍ കടലില്‍ നിന്നും ഇവരെ സാഹസികമായി രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ചു.
കടപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. റവന്യൂ, പൊലിലിസ് വിഭാഗങ്ങള്‍ ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞ് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് മാറി താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ പൊലിസ് സേന കടപ്പുറത്ത് മുന്‍കൂര്‍ അറിയിപ്പ് നല്‍കി ഫ്‌ളാഗ് മാര്‍ച്ച് നടത്തി. വൈകുന്നേരം 3.30 ഓടെ സുനാമി ഭീഷണി ഒഴിഞ്ഞതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരെയും വീടുകളിലേക്ക് തിരികെ എത്തിച്ചു. പരിപൂര്‍ണ്ണമായ ശാന്തമായ അന്തരീക്ഷം കടലില്‍ ഉരുത്തിരിഞ്ഞ ശേഷമേ പൊലിസ്, റവന്യൂ, സുരക്ഷാസേനാ വിഭാഗങ്ങള്‍ കടല്‍ത്തീരം വിട്ടുളളൂ. ഭൂകമ്പവും സുനാമിയും ഉണ്ടായാല്‍ എപ്രകാരം സുരക്ഷാ സംവിധാനം ഒരുക്കണമെന്നതിന്റെ തയ്യാറെടുപ്പ് പരിശീലനമായിരുന്നു നടന്നത്. വൈകുന്നേരം അഞ്ചിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മോക്ഡ്രില്‍ അവലോകനയോഗം പരിപാടിയുടെ വിജയത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."