മോദി- അമിത്ഷാ കാലത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതികാരം തുടരുന്നു; സഞ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍.. ഇപ്പോള്‍ കുല്‍ദീപ് ശര്‍മ്മയും; 1984 ലെ കേസില്‍ അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ അറസ്റ്റിലേക്ക് നയിച്ച സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷിച്ച സംഘത്തില്‍പ്പെട്ട മുന്‍ ഡി.ജി.പിക്ക് 41 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ് വാറണ്ട്. 1984 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരേ ഭുജ് ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്യായമായി തടങ്കലിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനെതിരായ കോടതിയുടെ നടപടി. 15 ദിവസത്തിനുള്ളില്‍ ഹാജരാകാനും കീഴടങ്ങാനും കോടതി ശര്‍മയോട് ഉത്തരവിട്ടു.
1984ല്‍ കച്ചില്‍ പൊലിസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന ശര്‍മ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ഹാജി ഇബ്രാഹീമിനെ സ്വന്തം ഓഫിസിനുള്ളില്‍ കയറി ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. കേസില്‍ സെക്ഷന്‍ 342 പ്രകാരം ശര്‍മ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് മൂന്ന് മാസത്തെ തടവും 1,000 രൂപ പിഴയും വിധിച്ചു.
സര്‍വിസിലിരിക്കുന്ന ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ സര്‍ക്കാര്‍ അനുമതി ലഭിക്കാതതിനാലാണ് കേസ് ഇത്രയും നീണ്ടത്. എന്നാല്‍ സുഹ്‌റബുദ്ദീന്‍ കേസ് സജീവമായതിന് പിന്നാലെ, ഏകദേശം 28 വര്‍ഷത്തിന് ശേഷം 2012 ഫെബ്രുവരിയില്‍ അന്നത്തെ മോദി സര്‍ക്കാര്‍ അനുമതി നല്‍കി. സെഷന്‍സ് കോടതി മുതല്‍ സുപ്രിംകോടതി വരെ പോയെങ്കിലും വിചാരണ നേരിടാനായിരുന്നു നിര്‍ദേശം ലഭിച്ചത്. ഇതിനൊടുവിലാണ് ഭുജ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സുഹ്‌റബുദ്ദീന്‍ ശൈഖ് കൊല്ലപ്പെടാനിയുണ്ടായ ഏറ്റുമുട്ടലിന്റെ ആധികാരികതയില്‍ സംശയം ഉണ്ടാക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയത് അന്ന് അഡീഷണല്‍ ഡി.ജി.പിയായിരുന്ന ശര്‍മയായിരുന്നു. ശര്‍മയുടെ റിപ്പോര്‍ട്ട് ആണ് പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ പ്രധാനമായും തെളിവായെടുത്തത്. തുടര്‍ന്ന് കേസില്‍ അമിത്ഷാ അറസ്റ്റിലാവുകയുമുണ്ടായി. 1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശര്‍മ, 2014ലാണ് വിരമിച്ചത്. സുഹ്‌റബുദ്ദീന്‍ കേസിലെ റിപ്പോര്‍ട്ട് ആണ് ശര്‍മയ്‌ക്കെതിരായ നടപടിക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികാര നടപടി നേരിട്ട പ്രമുഖര്‍
മോദി- അമിത്ഷാ കാലത്തെ ഗുജറാത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ഇതാദ്യമായല്ല പ്രതികാരനടപടി നേരിടുന്നത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ മൊഴി നല്‍കിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് വര്‍ഷങ്ങളായി ജയിലിലാണ്. ഇരുവരും ആരോപണവിധേയരായ ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടില്‍ കേസ് അന്വേഷിച്ച മറ്റൊരു മുന്‍ ഐ.പി.എസ്സുകാരന്‍ സതീഷ് ചന്ദ്ര വര്‍മ സര്‍വിസില്‍നിന്ന് പുറത്താക്കപ്പെട്ടു. കലാപത്തില്‍ മോദിക്കെതിരേ സാക്ഷിനല്‍കിയ മലാളിയ ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാറും അറസ്റ്റിലാവുകയുണ്ടായി.
സുഹ്‌റബുദ്ദീന്‍ കേസ്
2005 നവംബറില്‍ ആണ് അധോലോകനായകനും ബി.ജെ.പി അനുഭാവിയുമായിരുന്ന സുഹ്‌റബൂദ്ദീനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് പ്രജാപതിയെയും മുംബൈയില്‍ വച്ച് ഗുജറാത്ത് പൊലിസ് തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തിനു ശേഷം, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ തീവ്രവാദിയെന്നാരോപിച്ച് സുഹ്‌റബുദ്ദീനെ വെടിവച്ചുകൊന്നു. പിന്നീട് കൗസര്‍ബിയെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഈ രണ്ടുസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രജാപതിയെ അടുത്തവര്‍ഷം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. ഈ മൂന്നു സംഭവങ്ങളും ഒറ്റകേസായാണ് സി.ബി.ഐ അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."