ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്
കോഴിക്കോട്: ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്. വിദ്യാർത്ഥികൾ സംഘടിച്ച് എത്തി മർദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പ്രധാന ആരോപണം. സംഘർഷത്തിനിടെ ഒരു യാത്രക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തു.
വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ടല്ല, ഹോൺ അടിച്ചതിനെ ചൊല്ലിയുള്ള നിസ്സാര തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയതെന്ന് ബസ് ജീവനക്കാർ പറയുന്നു. പ്രകോപിതരായ വിദ്യാർത്ഥികൾ സംഘടിച്ച് എത്തി ബസ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു യാത്രക്കാരിക്കും വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു.സംഭവത്തിൽ പൊലിസ് ഉടൻ നടപടിയെടുത്തില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി.
സംഭവത്തെ തുടർന്ന് ഇന്ന് കോഴിക്കോട്-പെരുമണ്ണ റൂട്ടിലെ ബസ്സുകൾ പണിമുടക്കുകയാണ്.സംഘർഷത്തിന്റെ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാന യാത്രാ റൂട്ടിൽ നടന്ന ഈ സംഭവം യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."