താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. (KGMOA) നാളെ മുതൽ 'ജീവൻ രക്ഷാ സമരം' ആരംഭിക്കുന്നു. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുക, സി.സി.ടി.വി. സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരത്തിന്റെ ആദ്യഘട്ടമായി നാളെ (നവംബർ 1) മുതൽ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള നിസ്സഹകരണ സമരം സംസ്ഥാനവ്യാപകമായി നടത്തുമെന്ന് കെ.ജി.എം.ഒ.എ. അറിയിച്ചു.
സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനം
ഡോ. വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകത്തെ തുടർന്നും, അതിനുശേഷവും ആരോഗ്യപ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി. നിരന്തരമായി സംസ്ഥാനത്ത് ആശുപത്രികളിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ പ്രധാന തീരുമാനങ്ങൾ പോലും നടപ്പിലായില്ലെന്നും സംഘടന ആരോപിച്ചു.
കെ.ജി.എം.ഒ.എ.യുടെ പ്രധാന ആവശ്യങ്ങൾ:
പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി കെ.ജി.എം.ഒ.എ. മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ
ട്രയാജ് സംവിധാനം: എല്ലാ കാഷ്വാലിറ്റികളിലും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണം.
സി.എം.ഒ. സേവനം: കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ രണ്ട് സി.എം.ഒ. (Chief Medical Officer) മാരുടെ സേവനം ഉറപ്പാക്കണം.
സുരക്ഷാ ചുമതല: പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല എസ്.ഐ.എസ്.എഫ്. (SISF) നെ ഏൽപ്പിക്കണം.
കാഷ്വാലിറ്റിയുള്ള മറ്റെല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണം, സി.സി.ടി.വി. സംവിധാനം സ്ഥാപിക്കൽ, എക്സ് സർവീസ് സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കുള്ള ഫണ്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം.
അനുപാതം: ഓരോ കേഡറിലും രോഗി - ഡോക്ടർ അനുപാതം കൃത്യമായി നിർവചിക്കണം.
കൂടാതെ, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുന്നറിയിപ്പ്
മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ, രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക് സംഘടന നീങ്ങുമെന്നും കെ.ജി.എം.ഒ.എ. മുന്നറിയിപ്പ് നൽകി.
The Kerala Government Medical Officers' Association (KGMOA) is launching a "Jeevan Raksha" (Life Protection) non-cooperation strike from November 1. This statewide protest follows the brutal assault on a doctor at Thamarassery Taluk Hospital and aims to address the deteriorating security conditions in government hospitals.
During the initial phase of the strike, government doctors will refrain from all non-patient care duties (like attending meetings, non-clinical administrative tasks) but will continue essential patient care and emergency services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."