സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എസും
ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കി ഭാഗമായി ഇന്ത്യയും യു.എസും തമ്മിൽ ദീർഘകാല പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ക്വലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യക്കായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യു.എസിനായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആണ് ഒപ്പുവച്ചത്. ലോജിസ്റ്റിക് സൗകര്യങ്ങൾ ഉറപ്പുവരുത്തൽ, പ്രതിരോധ വിവരങ്ങൾ പങ്കുവയ്ക്കൽ, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിർമാണം, സാങ്കേതിക വിദ്യാ കൈമാറ്റം എന്നീ കാര്യങ്ങളും ഉൾപ്പെടുന്ന 10 വർഷത്തേക്കുള്ള സുപ്രധാന പ്രതിരോധ സഹകരണ ചട്ടക്കൂട് ആണ് ഇതോടെ സാധ്യമായത്.
പ്രാദേശിക സ്ഥിരതയ്ക്കുള്ള മൂലക്കല്ലായ കരാർ, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒപ്പുവയ്ക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങൾ പങ്കുവയ്ക്കൽ, സാങ്കേതിക സഹകരണം എന്നിവ വർധിപ്പിക്കുമെന്നും പീറ്റ് ഹെഗ്‌സെത്ത് ട്വീറ്റ്‌ചെയ്തു. ഇത് പങ്കാളിത്തത്തിന്റെ പുതിയ ദശകത്തിന് തുടക്കം കുറിക്കുമെന്നും പ്രതിരോധം നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭമായി തുടരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സ്വതന്ത്രവും തുറന്നതും നിയമാനുസൃതവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ഞങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്‌നാഥ് സിങ്- പീറ്റ് ഹെഗ്‌സെത്ത് കൂടിക്കാഴ്ച നടന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരേ ചുമത്തിയ പ്രതികാര ചുങ്കത്തെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വാഷളായിരിക്കെയാണ് പുതിയ പ്രതിരോധകരാർ യാഥാർത്ഥ്യമാകുന്നത്. പ്രതികാര ചുങ്കം കാരണം ഇന്ത്യാ- യു.എസ് വ്യാപാരകരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
india and the u.s. signed a long-term defense cooperation deal in kuala lumpur during the asean summit to boost defense ties between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."