'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ/ടാക്സി സർവീസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. 'കേരള സവാരി' എന്ന ഈ പദ്ധതിയിലൂടെ ന്യായമായ നിരക്കിൽ ഉപഭോക്താക്കൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്, കൂടാതെ യാത്രക്കാരെയും ഡ്രൈവർമാരെയും വിവിധ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്നും തൊഴിൽ വകുപ്പ് പ്രത്യാശിക്കുന്നു.
പദ്ധതിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നവംബർ നാല് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പൈലറ്റ് പ്രോജക്ടായി 2022-ൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ തുടങ്ങിയതാണ് ഈ സംരംഭം. ഇപ്പോൾ ഈ വർഷം ഏപ്രിൽ മാസം മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഫ്ലാഗ് ഓഫിന് തയ്യാറെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാവും 'കേരള സവാരി'യുടെ സേവനം ലഭ്യമാകുക.
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ ഉറപ്പാക്കുന്ന നിരവധി സവിശേഷതകളോടെയാണ് 'കേരള സവാരി' വരുന്നത്.
പ്രധാന പ്രത്യേകതകൾ:
പൊലിസ് ക്ലിയറൻസ്: പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ ഡ്രൈവർക്കും പൊലിസ് ക്ലിയറൻസ് നിർബന്ധമാണ്.
പാനിക് ബട്ടൺ: അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ (Kerala Savari app) പാനിക് ബട്ടൺ സംവിധാനമുണ്ട്. ഡ്രൈവർക്കോ യാത്രക്കാർക്കോ പരസ്പരം അറിയാതെ ഇത് അമർത്താനാകും. ഇതുവഴി എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സഹായം വേഗത്തിൽ ലഭ്യമാകും.
കോൾ സെന്റർ: സംശയങ്ങൾക്കും പരാതികൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ ആരംഭിച്ചിട്ടുണ്ട്. 9072272208 ആണ് കോൾ സെന്റർ നമ്പർ.
നിലവിലെ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി സബ്സ്ക്രിപ്ഷൻ രീതിയിലാകും കേരള സവാരി പ്രവർത്തിക്കുക. തൊഴിലാളികളുടെയും യാത്രക്കാരുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണിത്.
2022 ഓഗസ്റ്റ് 17 അർദ്ധരാത്രി മുതൽ പ്ലേ സ്റ്റോറിൽ പൊതുജനങ്ങൾക്ക് 'കേരള സവാരി'യുടെ ആപ്പ് ലഭ്യമായി തുടങ്ങിയിരുന്നു. നിലവിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ 541 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 321 ഓട്ടോറിക്ഷകളും 228 കാറുകളുമാണ്. 22 വനിത ഡ്രൈവർമാരും പദ്ധതിയുടെ ഭാഗമായി കൂടെയുണ്ട്.
തൊഴിൽ വകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായം നൽകുന്നത്. ഈ പൈലറ്റ് പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Kerala Savari is India's first government-owned online auto and taxi service, launched by the Kerala state government.
It is designed to be a fair and safe alternative to private ride-hailing apps
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."