സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍
ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (ഐ.എസ്.ആർ.ഒ) വികസിപ്പിച്ച ആശയവിനിമ ഉപഗ്രഹം സി.എം.എസ്-03 വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വൈകിട്ട് 5.26 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് സി.എം.എസ്-03 കുതിച്ചുയര്‍ന്നത്. 4410 കിലോ ഭാരമുള്ള ഉപഗ്രഹം 'ബാഹുബലി' എന്ന് വിളിപ്പേരുള്ള എല്‍.എം.വി-3എം-5 റോക്കറ്റിലാണ് ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചത്. 16 മിനുട്ട് പറന്നതിന് ശേഷം 179 കിലോമീറ്റര്‍ അകലെവച്ച് പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി. ക്രമമായി ഭ്രമണപഥം ഉയര്‍ത്തുന്ന പേകടത്തിന്റെ നിയന്ത്രണം ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ മിഷന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനിലാണ്.
പ്രതിരോധമേഖയ്ക്കുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആർ.ഒ സി.എം.എസ്-03 വികസിപ്പിച്ചത്. ഇന്ത്യന്‍ വന്‍കരയിലും സമീപ സമുദ്രമേഖലയിലുമായി നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് സി.എം.എസ്-03 പ്രവര്‍ത്തിക്കുക. ശബ്ദ സന്ദേശങ്ങള്‍, വിഡിയോ ദൃശ്യങ്ങള്‍, ഡാറ്റ എന്നിവവഴിയുള്ള ആശയവിനിമയം സുരക്ഷിതമാക്കാനും വേഗത്തിലാക്കാനും ഇതുവഴി സാധിക്കും. ദുരന്തനിവാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സി.എം.എസ്-03 സഹായകമാകും. ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഭാരം കൂടിയ ഉപഗ്രഹം എന്ന ഖ്യാതി കൂടി സി.എം.എസ്-03 നുണ്ട്.
അതേസമയം, നിലവില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പഴയ ജിസാറ്റ്-7(രുക്മിണി) സുരക്ഷിതമായി മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യവും ഐ.എസ്.ആർ.ഒക്കുണ്ട്. ചന്ദ്രയാന്‍-3 ഉള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത് എല്‍.എം.വി-3 റോക്കറ്റായിരുന്നു. ഇന്നലെ വിക്ഷേപിച്ച സി.എം.എസ്-03 ഉപഗ്രഹം അടക്കം അഞ്ച് തവണ എല്‍.എം.വി-3 റോക്കറ്റ് ഐ.എസ്.ആർ.ഒ ദൗത്യവുമായി ബഹിരാകാശത്തേക്ക് കുതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."