ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച യുവതികള്‍ പിടിയില്‍
ശ്രീകണ്ഠപുരം: ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികള്‍ പിടിയില്‍. ഡിണ്ടിഗല്‍ മാരിയമ്മല്‍ കോവില്‍ സ്വദേശികളായ വിജയ(33), ജ്യോതി എന്ന രേവതി(29) എന്നിവരാണ് പിടിയിലായത്. പയ്യാവൂര്‍ കണ്ടകശേരിയില്‍ നിന്ന് ചുണ്ടപ്പറമ്പിലേക്ക് ബസ് കയറിയ കണ്ടകശ്ശേരി സ്വദേശിനി ലീലാമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് യുവതികള്‍ പിടിയിലായത്. ചുണ്ടപ്പറമ്പില്‍ ബസ് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. ബസ് ജീവനക്കാര്‍ ശ്രീകണ്ഠപുരം പൊലിസില്‍ വിവരമറിയിച്ചു. മാല പൊട്ടിച്ചയുടന്‍ യുവതികള്‍ തളിപ്പറമ്പ് ഭാഗത്തേക്ക് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടിരുന്നു. ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവിന്റെ നേതൃത്വത്തില്‍ പൊലിസ് ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് യുവതികളെ പിടികൂടുകയായിരുന്നു. സംഭവം നടന്നത് കുടിയാന്‍മല സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതികളെ കുടിയാന്‍മല പൊലിസിന് കൈമാറി. പിന്നീട് എസ്.ഐ എന്‍.ബി ജോയ് അറസ്റ്റ് രേഖപ്പെടുത്തി. യുവതികള്‍ നിരവധി മാല കവര്‍ച്ച നടത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. സംഘത്തില്‍ വേറെയും സത്രീകള്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്. കഴിഞ്ഞ മാസം മാമാനം അമ്പലത്തില്‍ ദര്‍ശനത്തിനെത്തിയ കൂനം സ്വദേശിനി മാധവിയുടെ അഞ്ച് പവന്‍ മാല കവര്‍ന്നതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."