മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിക്കെതിരേ വലിയ കാംപയിനുകൾ നടന്നിട്ടും 50 ശതമാനത്തിലേറെ വോട്ടുനേടി വിജയിക്കാനായത് ജനപ്രിയ പ്രകടന പത്രിക. മംദാനി മേയറാകുന്നതോടെ ന്യൂയോർക്കിൽ മാറ്റങ്ങൾ വരുമെന്നാണ് വോട്ടർമാർ പ്രതീക്ഷിക്കുന്നതെന്ന് സർവേകൾ പറയുന്നു. ഇടതുപക്ഷ നിലപാടുകൾ പ്രചാരണ സമയത്ത് മംദാനി ഉയർത്തിയതോടെ കമ്മ്യൂണിസ്റ്റാണെന്ന പ്രചാരണവും നടന്നു. ജൂതവിരുദ്ധനാണെന്ന് കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന് മംദാനി നന്ദി പ്രകടിപ്പിച്ചുള്ള പ്രസംഗത്തിലും പറഞ്ഞു. യൂനിവേഴ്‌സൽ ചൈൽഡ് കെയർ, സൗജന്യ ബസ് സർവിസ്, വാടക മരവിപ്പിക്കൽ തുടങ്ങിയവയാണ് മംദാനിയുടെ വാഗ്ദാനം. ന്യൂയോർക്ക് ജീവതച്ചെലവ് കൂടുതലുള്ള നഗരമാണ്. ഇവിടെ കോടീശ്വരന്മാരുടെ വരുമാന നികുതി വർധിപ്പിച്ച് സാധാരണക്കാർക്ക് ആശ്വാസപദ്ധതികൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ന്യൂയോർക്കിൽ കോർപറേറ്റ് നികുതിയും വർധിപ്പിക്കും. ഇത്തരമൊരു പ്രഖ്യാപനം ഉള്ളതിനാൽ മംദാനിക്കെതിരേയുള്ള പ്രചാരണത്തിന് വൻ വ്യവസായികളുടെ സാമ്പത്തിക പിന്തുണയോടെ കാംപയിൻ നടന്നിരുന്നു.
ഒരു വർഷം 10 ലക്ഷം ഡോളറിൽ കൂടുതൽ വരുമാനമുള്ളവർക്ക് രണ്ടു ശതമാനം ഫ്ലാറ്റ് നികുതി ഏർപ്പെടുത്തും. കോർപറേറ്റ് നികുതി 11.5 ശതമാനം വർധിപ്പിക്കാനാണ് മറ്റൊരു തീരുമാനം. ഈ രീതിയിൽ 900 കോടി ഡോളർ സമാഹരിക്കാനാണ് നീക്കം. മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
വിർജിനിയയിൽ ഡെമോക്രാറ്റ് കാറ്റിൽ റിപ്പബ്ലിക്കർ വീണു; മുസ് ലിം വനിത ഗസ്സാല ഹാഷ്മി ലെഫ്. ഗവർണർ
വിർജിനിയ: വിർജിനിയയിലെ ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി ജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥി അബിഗെയ്ൽ സ്പാൻബെർഗർ 19,61,990 വോട്ടുകൾ നേടി. 57.5 ശതമാനം വോട്ടുകളാണ് സ്പാൻബെർഗർ നേടിയത്. 97 ശതമാനം വോട്ടുകളാണ് എണ്ണിയത്.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി എർളി സീർസ് 42.3 ശതമാനം വോട്ടുകൾ നേടി.
വിർജിനിയയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുസ് ലിം വനിത ഗസ്സാല ഹാഷ്മി ലെഫ്റ്റനന്റ് ഗവർണറായും ഡെമോക്രാറ്റിക് പാർട്ടിയുടെ ജേ ജോൺസ് അറ്റോർണി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂ ജേഴ്‌സിയിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ജയം
ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സി ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി വൻ വിജയം നേടി. 17,92,760 വോട്ടുകൾ നേടി ഡെമോക്രാറ്റിക് പാർട്ടിയുടെ മിക്കി ഷെറിൽ വിജയിച്ചു. ഷെറിലിന് 56.2 % വോട്ടുകൾ ലഭിച്ചു. റിപബ്ലിക്കൻ സ്ഥാനാർഥി ജാക് സിയാട്രറെല്ലിക്ക് 43.2 ശതമാനം വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ. നിലവിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർറാണ് ന്യൂ ജേഴ്‌സിയിലുള്ളത്. ഗവർണർ ഫിൽ മുർഫിയിൽ നിന്ന് ഷെറിൽ സ്ഥാനം ഏറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."