പണം നഷ്ടമാകാതെ വിമാന ടിക്കറ്റ് റദ്ദാക്കല്‍: വിമാനക്കമ്പനികളുടെ അഭിപ്രായത്തിനുശേഷം തീരുമാനം; പ്രവാസികള്‍ക്ക് അനുഗ്രഹമാകും
മലപ്പുറം: വിമാനടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂര്‍ വരേ പണം നഷ്ടമാവാതെ റദ്ദാക്കാനുള്ള അവസരം പ്രവാസികള്‍ക്ക് ആശ്വാസമാകും. രണ്ടുദിവസം വരേ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് പണം നഷ്ടമാവാതെ തിരിച്ചുനല്‍കുന്നതിനും, അല്ലെങ്കില്‍ ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യുന്നതിനുമുള്ള നിയമഭേദഗതിക്കാണ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിയമനിര്‍മാണത്തിന് കരട് നയം തയാറാക്കിയത്.
ഈ മാസം 30 വരേ വിമാനക്കമ്പനികളില്‍ നിന്ന് അഭിപ്രായങ്ങള്‍തേടിയുണ്ട്. നിയമം നടപ്പിലായാല്‍ പ്രവാസികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
വിമാനടിക്കറ്റ് എടുത്ത് യാത്ര സാധിക്കാതെ വന്നാല്‍ പണം നഷ്ടമാവുമെന്നതിനാല്‍ പ്രവാസികളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നത്. ആരോഗ്യകാരണങ്ങളാലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ തുക മടക്കി നല്‍കുകയോ, തത്തുല്യമായ ക്രഡിറ്റ് നല്‍കുകയോ ചെയ്യണമെന്നാണ് പുതിയ വ്യവസ്ഥ.
വിമാനയാത്രക്ക് ടിക്കറ്റ് ബുക്കിങ് കഴിഞ്ഞു 24 മണിക്കൂറിനകം പേര് തിരുത്താം. ഇതിന് അധിക ചാര്‍ജ് നല്‍കേണ്ടതില്ല. ഇതിലൂടെ വന്‍തുക മുടക്കി ടിക്കറ്റ് എടുത്ത ശേഷം യാത്ര മാറ്റിവെക്കുന്നവര്‍ക്ക് പകരം ടിക്കറ്റ് മാറാന്‍ അവസരമാകും. 21 ദിവസത്തിനകം റീഫണ്ട് പക്രിയ പൂര്‍ത്തിയായതായി യാത്രക്കാരന് തുക തിരിച്ചുനല്‍കിയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണ്.
എന്നാല്‍ എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴി നേരിട്ടുള്ള ബുക്കിങ്ങുകള്‍ക്കാണ് ഈ അവസരം ലഭിക്കുക. പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വിമാനക്കമ്പനികളുടെ അഭിപ്രായത്തിന് ശേഷം തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."