പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ കോളേജിൽ റാഗിംഗിനെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണത്തിന് മുൻപ് വിദ്യാർഥിനി നൽകിയ മൊഴിയിൽ അധ്യാപകനെതിരെയും സഹപാഠികൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
കോളേജിലെ പ്രൊഫസറായ അശോക് കുമാർ തന്നെ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതായും പെൺകുട്ടിയുടെ മരണമൊഴിയിലുണ്ട്.
ആദ്യവർഷം കൂടെ പഠിച്ചിരുന്ന മൂന്ന് പേരാണ് റാഗിംഗ് കേസിലെ പ്രതികൾ. മരിച്ച പെൺകുട്ടി ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ ബി.എൻ.എസ് (BNS) വകുപ്പുകൾ പ്രകാരവും റാഗിംഗ് വിരുദ്ധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
സെപ്റ്റംബർ 18-ന് കോളേജിൽ വച്ച് പ്രതികൾ കുപ്പി കൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയും മുടി മുറിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ മകൾ കടുത്ത വിഷാദരോഗത്തിന് അടിമയായെന്നും പിതാവ് പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിന് ശേഷം പെൺകുട്ടി ഏഴോളം ആശുപത്രികളിൽ ചികിത്സ തേടിയതായി പൊലിസ് അറിയിച്ചു.
ധർമ്മശാല ഗവൺമെന്റ് ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് മരിച്ചത്. മരണത്തിന് മുൻപ് പെൺകുട്ടി തന്റെ മൊബൈലിൽ പകർത്തിയ വീഡിയോയിൽ താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
കോളേജിലെ പ്രൊഫസർ അശോക് കുമാർ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതായും നിരന്തരം മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. ഇത് എതിർത്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും വീഡിയോയിൽ പറയുന്നുണ്ട്.
പ്രൊഫസർക്ക് പുറമെ സഹപാഠികളായ ഹർഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാർഥിനികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ തന്നെ ക്രൂരമായി റാഗിംഗ് ചെയ്തതായും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പിതാവ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
തുടർച്ചയായുണ്ടായ പീഡനങ്ങളെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യം വഷളാവുകയും ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26-ന് മരിക്കുകയുമായിരുന്നു. ഡിസംബർ 20-ന് തന്നെ പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
A 19-year-old college student in Himachal Pradesh's Dharamshala died on December 26, 2025, after allegedly facing ragging and sexual harassment by three classmates and a professor. The victim's father lodged a complaint, and a video recorded by the student before her death surfaced, accusing the professor of indecent acts and mental harassment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."