ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ
അബൂദബി: സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ആകെ ആസ്തി 10.75 ട്രില്യൻ ദിർഹം (2.931 ട്രില്യൻ ഡോളർ) ആയി ഉയർന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യമായി യു.എ.ഇ മാറി. ആഗോള തലത്തിൽ 13.2 ട്രില്യൻ ഡോളർ ആസ്തിയുമായി യു.എസ് ആണ് ഒന്നാമത്. ചൈന (8.22 ട്രില്യൻ ഡോളർ), ജപ്പാൻ (3.84 ട്രില്യൻ ഡോളർ) എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. നോർവേയാണ് (2.27ട്രില്യൻ ഡോളർ) അഞ്ചാം സ്ഥാനത്ത്. ഗ്ലോബൽ എസ്ഡബ്ല്യു.എഫിന്റെ (സൊവറിൻ വെൽത്ത് ഫണ്ട്) വാർഷിക റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. അബൂദബി ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി (1.18 ട്രില്യൺ ഡോളർ), ഇൻവസ്റ്റ്‌മെന്റ് കോർപറേഷൻ ഓഫ് ദുബൈ (429 ബില്യൻ ഡോളർ), മുബദല (358 ബില്യൺ ഡോളർ), എഡിക്യൂ (251 ബില്യൻ ഡോളർ), എമിറേറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി (116 ബില്യൻ ഡോളർ), ദുബൈ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് (80 ബില്യൻ ഡോളർ), ദുബൈ ഹോൾഡിങ്സ് (72 ബില്യൻ ഡോളർ) എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാനികൾ. 2024 ഒക്ടോബറിൽ ഗ്ലോബൽ എസ്.ഡബ്ല്യു.എഫ് നടത്തിയ റാങ്കിങ്ങിൽ ഓസ്‌ലോയെ മറികടന്ന് അബൂദബി ലോകത്തിലെ സമ്പന്നമായ നഗരമായി മാറിയിരുന്നു. അബൂദബി ആസ്ഥാനമായുള്ള വിവിധ ഫണ്ടുകൾ ചേർന്ന് 1.7 ട്രില്യൻ ആസ്തിയാണ് ക്യാപിറ്റൽ ഓഫ് ദി ക്യാപിറ്റൽ എന്ന പദവിയിലേക്ക് അബൂദബിയെ ഉയർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."