20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍ മുണ്ടൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നിഫാമില്‍ 20 ലധികം പന്നികള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പെട്ടതോടെയാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് പന്നികളില്‍ ഈ രോഗം സ്ഥിരീകരിക്കുന്നത്. പന്നികളുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനഫലം കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്ക് ലഭിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വില്‍ക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേര്‍പ്പെടുത്തി. ഒമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.ആഫ്രിക്കന്‍ പന്നിപ്പനി (ASF) വളര്‍ത്തുപന്നികളിലും കാട്ടുപന്നികളിലും ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയായ ഒരു വൈറല്‍ രോഗമാണ്, 100% വരെയാണ് രോഗത്തിന്റെ മരണനിരക്ക്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല, പക്ഷേ പന്നി ഫാമുകള്‍ക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് രോഗബാധ മൂലം ഏല്‍ക്കുന്നത്.
ഉയര്‍ന്ന പ്രതിരോധശേഷിയുള്ള വൈറസുകളാണിവ. വസ്ത്രങ്ങള്‍, ബൂട്ടുകള്‍, ചക്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയില്‍ ഇതിന് അതിജീവിക്കാന്‍ കഴിയും. പന്നി ഇറച്ചി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ വസ്തുക്കളിലും ഇവ അതിജീവിക്കും. കൃത്യമായ പ്രതിരോധ രീതികള്‍ അവലംബിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്ടങ്ങള്‍, രോഗം ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് രോഗം വ്യാപിക്കുക.
English Summary: African Swine Fever (ASF) has been confirmed in Kozhikode district, Kerala, after the sudden death of more than 20 pigs at a private farm in Mundoor, Kodanchery grama panchayat. This is the first confirmed case of ASF in Kozhikode.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."