പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി
ന്യൂഡല്‍ഹി: ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെ കൊണ്ട് പാടിപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വന്ദേഭാരത് ഉദ്ഘാടന ദിവസം ആര്‍എസ്എസ് ഗാനം കുട്ടികളെ കൊണ്ട് പാടിച്ചത് കടുത്ത അനീതിയും ഭരണഘടന വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം നടക്കുന്നുണ്ടെന്നും, അത് ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ കേരള സ്‌കൂളില്‍ സര്‍ഗോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആര്‍എസ്എസ് ഗണഗീതം ഇന്നലെ വിദ്യാര്‍ഥികളെ കൊണ്ട് പാടിച്ചത് കടുത്ത അനീതിയും ഭരണഘടന വിരുദ്ധവുമാണ്. ഭരണഘടന മൂല്യങ്ങളില്‍ നിന്ന് കേരളം പിന്നോട്ട് പോകില്ല. നമ്മുടെ പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം നടക്കുന്നുണ്ട്. പല കാര്യങ്ങളിലും കുഞ്ഞുങ്ങളുടെ മനസില്‍ നിന്ന് മാറ്റുകയാണ്. പല പാഠങ്ങളും നമ്മുടെ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയത് അതിന് ഉദാഹരണമാണ്,' ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളിലെ പ്രാര്‍ഥനഗീതങ്ങള്‍ പോലും മതേതരത്വമാക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുകയാണ്. ഉപാധികള്‍ക്ക് എതിരായി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വെട്ടിമാറ്റിയ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
education minister v sivankutty strongly criticized the incident of students being made to sing the rss ganageetham.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."