ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്
കോഴിക്കോട്: ലേണേഴ്‌സ് ലൈസൻസ് പരീക്ഷയിൽ അടുത്തിടെ ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങൾ വ്യാപകമായ കൂട്ടത്തോൽവിക്ക് കാരണമായതിനെത്തുടർന്ന് മാറ്റം വരുത്തി. അപേക്ഷകരിൽ നിന്നും വലിയ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് പരീക്ഷാ സമ്പ്രദായത്തിൽ ചെറിയ ഇളവുകൾ വരുത്തിയത്.
കാപ്‌ച ചോദ്യങ്ങളാണ് വില്ലൻ
പരീക്ഷാ സമ്പ്രദായത്തിലെ കാപ്‌ച ചോദ്യങ്ങളുടെ എണ്ണം കുറച്ചാണ് നിലവിലെ പരാതികൾക്ക് പരിഹാരം കണ്ടിരിക്കുന്നത്.പരിഷ്കരിച്ച സമ്പ്രദായ പ്രകാരംചോദ്യങ്ങളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയർത്തുകയും,വിജയിക്കാൻ വേണ്ട മാർക്ക് 18 ശരിയുത്തരങ്ങളുമാക്കി .കാപ്‌ച സിസ്റ്റം ഓരോ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിൻ്റെ ഉത്തരം കാപ്‌ചാ രൂപത്തിൽ (ചെറിയ അക്ഷരങ്ങൾ, വലിയ അക്ഷരങ്ങൾ, നമ്പരുകൾ എന്നിവ അടങ്ങിയ കോഡ്) കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നൽകണം.നേരത്തെ 30 ചോദ്യങ്ങളുള്ള പരീക്ഷയിൽ 9 തവണ കാപ്‌ച ഉത്തരം നൽകേണ്ടി വരുമായിരുന്നു. പരാതിയെത്തുടർന്ന് മൊത്തം മൂന്ന് കാപ്‌ച ചോദ്യങ്ങൾ മാത്രമായി ഇപ്പൊൾ ചുരുക്കിയിരിക്കുന്നത്.
സമയപരിമിതിയും ബുദ്ധിമുട്ടുകളും
കാപ്‌ച ഉത്തരങ്ങൾ നൽകേണ്ടിവരുന്നതാണ് പരീക്ഷാ സമയം പൂർത്തിയാകുന്നതിനും തോൽവിക്കും പ്രധാന കാരണമായി പരാതിക്കാർ ചൂണ്ടി കാണിക്കുന്നത്.സാധാരണ ചോദ്യത്തിന് 30 സെക്കൻഡും,കാപ്‌ച ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്പ്യൂട്ടർ പരിജ്ഞാനം കുറഞ്ഞവർക്കും ടൈപ്പിംഗ് വേഗത ഇല്ലാത്തവർക്കും അനുവദിച്ച സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ആദ്യ കാപ്‌ച ചോദ്യത്തിന് ഉത്തരം നൽകുമ്പോഴേക്കും പലരുടെയും സമയം തീരുന്ന അവസ്ഥയുണ്ടായിരുന്നു.
പുതിയ ആക്ഷേപങ്ങൾ
കാപ്‌ചാ ചോദ്യങ്ങൾ കുറച്ചത് അപേക്ഷകർക്ക് ആശ്വാസമായെങ്കിലും, ഇപ്പോഴും പരീക്ഷ എഴുതാൻ പലരും മടിക്കുന്നുണ്ട്. സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും, 'വട്ടംകറക്കുന്ന' ചോദ്യങ്ങളാണ് ഉള്ളതെന്നുമാണ് നിലവിലെ ആക്ഷേപം.ലേണേഴ്‌സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാൻ നിലവിൽ നാളുകൾ കാത്തിരിക്കണം. തോറ്റാൽ വീണ്ടും തീയതിക്കായി കാത്തിരിക്കേണ്ടി വരുന്നതും, തുടർന്നുള്ള ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാലതാമസവും ജോലിക്കു പോകുന്നവരെയും വിദ്യാർഥികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."