ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവർത്തി രാജ്യത്തിനും ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ എക്‌സിൽ കുറിച്ചു. ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും ഈ ഹീനകൃത്യത്തിന് പിന്നിലുള്ള ആളുകളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും രാജ്യത്തിൻറെ സമാധാനത്തിന് ഭീഷണിയാവുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം 6:55ഓടെയാണ് സംഭവം നടന്നത്. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1ന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്, പിന്നാലെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഡൽഹിയിലെ പ്രധാന മേഖലകളിലെല്ലാം അതീവ ജാഗ്രതയിലാണ് ഉള്ളത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഇത് സ്ഫോടനത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമായെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."