അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളില്‍ ജലവിതരണം തടസ്സപ്പെടും
തൊടുപുഴ: അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. 6 ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഇന്നലെ രാത്രി ഒന്‍പതോടെ നിര്‍ത്തി. തുടര്‍ന്നു കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു. പുലര്‍ച്ചെ 2ന് ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് പെന്‍സ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ഇന്നു രാവിലെ 9നാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങുക.
വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം മുടങ്ങാന്‍ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ജലവിതരണം തടസ്സപ്പെടാന്‍ സാധ്യത ഇങ്ങനെ
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ സാധ്യതയുള്ളതിനാല്‍ ആറിലെ ജലത്തെ ആശ്രയിച്ചു നില്‍ ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും.
അതേസമയം, ജലവിതരണത്തിനായി ബദല്‍ സംവിധാനം ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധി ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബിയും അറിയിച്ചു. ഒരു മാസം കൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകള്‍ അതിനാല്‍ നാലാം ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും. എല്ലാ വര്‍ഷവും ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്റര്‍ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യാറായിരുന്നു പതിവ്. ഇത്തവണ സീലുകള്‍ തേഞ്ഞുപോയത് കണ്ടെത്തിയതു കൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്താന്‍ തീരുമാനിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ ആദ്യത്തെ ഷെഡ്യൂള്‍പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് എല്ലാ ജനറേറ്ററുകളും ഷട്ഡൗണ്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ജലക്ഷാമം രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിനും എറണാകുളം ജില്ലയിലെ ഏതാനും എം.എല്‍.എമാരും രംഗത്തുവന്നു. ഇതോടെ തീരുമാനം തത്കാലം മരവിപ്പിക്കുകയായിരുന്നു.
ജലവിഭവമന്ത്രിയും വൈദ്യുതി മന്ത്രിയും വകുപ്പ് ഉന്നതരുമടക്കം ചര്‍ച്ച നടത്തി. ഉച്ചകഴിഞ്ഞ് മൂന്നുവരെ ചര്‍ച്ച നീണ്ടെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. മഴയുള്ളതിനാല്‍ ജലക്ഷാമമെന്ന ആശങ്ക വേണ്ടെന്ന ബോര്‍ഡിന്റെ അറിയിപ്പിന് പിന്നാലെയാണ് തീരുമാനത്തിലെത്തിയത്.
the moolamattom hydroelectric power plant will be shut down temporarily for maintenance work, leading to water supply disruption in four districts of kerala. authorities have advised residents to store sufficient water in advance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."