ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
ആലപ്പുഴ: അരൂർ - തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ തകർന്ന് വീണ് അപകടം. ചരക്ക് വാഹനത്തിന് മുകളിലേക്ക് ഗർഡറുകൾ പതിച്ചതിനെ തുടർന്ന് ഡ്രൈവർ തൽക്ഷണം മരിച്ചു.
സംഭവം ഇന്ന് പുലർച്ചെ രണ്ടരയോടെ ചന്തിരൂരിൽ വെച്ചാണ് നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ രണ്ട് ഭീമൻ ഗർഡറുകളാണ് താഴേക്ക് വീണത്. ഇതിൽ മുട്ടയുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽ പെട്ടത്.വാൻ പൂർണ്ണമായും ഗർഡറിന്റെ അടിയിൽപ്പെട്ടു.മരിച്ചയാൾ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് (45) എന്ന് തിരിച്ചറിഞ്ഞു.
ഗർഡറുകളിൽ ഒന്ന് വാഹനത്തിന് മുകളിൽ പൂർണ്ണമായും പതിക്കുകയും മറ്റൊന്ന് ഭാഗികമായി വീഴുകയുമായിരുന്നു. പിക്കപ്പ് വാൻ പൂർണ്ണമായും ഗർഡറിനടിയിൽ ഞെരിഞ്ഞമർന്ന നിലയിലാണ്. ഗർഡർ നീക്കം ചെയ്ത ശേഷം മാത്രമേ ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ കഴിയൂ. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."