നീണ്ട വിചാരണകള്‍; പിന്നാലെ വെറുതെവിടല്‍; ഡല്‍ഹിയില്‍ മുമ്പ് നടന്ന ഭീകരാക്രമണ കേസുകളുടെ അന്വേഷണ പരാജയങ്ങള്‍ ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ ഡല്‍ഹി പൊലിസ് കര്‍ശനവകുപ്പുകളുള്ള നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) നിയമം (യു.എ.പിഎ) വകുപ്പുകള്‍ അനുസരിച്ചും സ്‌ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നിലെ കാരണമോ പ്രതികളുടേയോ സംഘങ്ങളുടേയോ പേരുകള്‍ പൊലിസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യു.എ.പി.എ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ ഭീകരപ്രവര്‍ത്തനമായി ഇതിനെ പരിഗണിച്ചെന്ന് വ്യക്തമാണ്. തിങ്കളാഴ്ചത്തെ സ്‌ഫോടനത്തെ ഭീകരാക്രമണമായി കണ്ട് അന്വേഷണം നടത്തുമ്പോള്‍ രാജ്യതലസ്ഥാനനഗരിയില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായ ഭീകരാക്രമണ കേസുകളും അതിന്റെ വിചാരണകളുടെയും ഫലവും ചര്‍ച്ചയാകുയയാണ്. മിക്ക കേസുകളിലെയും അന്വേഷണം ഇഴഞ്ഞുനീങ്ങുകയോ, അറസ്റ്റ് ചെയ്യപ്പെട്ടവരെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ വെറുതെവിടുകയോ ആണുണ്ടായത്.
2000: ചെങ്കോട്ട ആക്രമണം
2000 ഡിസംബര്‍ 22ന് രണ്ട് തോക്കുധാരികള്‍ ചെങ്കോട്ടയില്‍ ആക്രമണം നടത്തി. രാജ്പുതാന റൈഫിള്‍സ് സൈനികരായ രണ്ട് പേരും സാധാരണക്കാരനും കൊല്ലപ്പെട്ടു. പാക് പൗരനും നിരോധിത സംഘടനയായ ലഷ്‌കര്‍ തീവ്രവാദിയുമായ മുഹമ്മദ് അരിഫ് എന്ന അഷ്ഫാഖിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രിംകോടതി ശിക്ഷ ശരിവച്ചു. വധശിക്ഷയ്‌ക്കെതിരേ പ്രതി ദയാഹരജി നല്‍കിയെങ്കിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞവര്‍ഷം അത് തള്ളുകയും ചെയ്തു.
2001: പാര്‍ലമെന്റ് ആക്രമണം
2001 ഡിസംബര്‍ 13ന് അഞ്ചു ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ചു. ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. എല്ലാ ആക്രമണകാരികളെയും സുരക്ഷാസേന വധിച്ചു. കേസില്‍ അഫ്‌സല്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനി എന്നിവരെ അറസ്റ്റ്‌ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഗിലാനിയെ പിന്നീട് ഹൈക്കോടതി വെറുതെവിട്ടു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ 2013ല്‍ നടപ്പാക്കി. മതിയായ വിചാരണ ഗുരുവിന് ലഭിച്ചില്ലെന്ന വാദം നിയമജ്ഞര്‍ക്കിടയില്‍ ഉണ്ട്.
2005: തിയേറ്റര്‍ സ്‌ഫോടനം
സൗത്ത് ഡല്‍ഹിയിലെ രണ്ട് സിനിമാഹാളുകളില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. സിഖ് വിഘടനവാദ സംഘടനയായ ബബ്ബര്‍ ഖല്‍സാ ഇന്റര്‍നാഷണല്‍ ആണ് പിന്നിലെന്നാണ് പൊലിസ് കണ്ടെത്തിയത്. കുറ്റം സമ്മതിച്ച് അഞ്ചു പ്രതികളെ 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റൊരു പ്രതിയായ തര്‌ലോചന്‍ സിങ്ങിനെ 2022ല്‍ വെറുതെവിട്ടു.
2005: ഡല്‍ഹി സ്‌ഫോടന പരമ്പര
ഒക്ടോബര്‍ 29ന് പഹാഡ്ഗഞ്ച്, സരോജിനി നഗര്‍, ഗോവിന്ദ്പുരി എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പകളില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 12 വര്‍ഷത്തെ വിചാരണക്കു ശേഷം 2017ല്‍ രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. മൂന്നാമനായ താരിഖ് അഹമ്മദ് ധര്‍ ഭീകരസംഘടനയെ സഹായിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ താരിഖ് അഹമ്മദ് ധറിനെ 12 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കോടതി മോചിപ്പിച്ചു. മെഡിക്കല്‍ റപ്രസന്റായിരുന്ന അദ്ദേഹമിപ്പോള്‍ കശ്മീരിലെ തിരക്കുള്ള പാരമ്പര്യ ചികിത്സകനാണ്.
2008: ഡല്‍ഹി സ്‌ഫോടന പരമ്പര
സെപ്റ്റംബര്‍ 13ന് കറോള്‍ ബാഗ്, കോണാട്ട് പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ ആണ് ആക്രമിച്ചതെന്നാണ് പൊലിസ് പറഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷം മെഹ്‌റോളിയില്‍ മറ്റൊരു സ്‌ഫോടനം നടന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഈ കേസിന്റെ വിചാരണ എങ്ങും എത്തിയില്ല. ആരും ശിക്ഷിക്കപ്പെടുകയും ഉണ്ടായില്ല.
2010: ജുമാ മസ്ജിദ് വെടിവയ്പ്പ്
2010 സെപ്റ്റംബര്‍ 19ന് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദില്‍ ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു. രണ്ട് തായ്‌വാന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദീന്‍ ആണ് പിന്നിലെന്ന് പൊലിസ് ആരോപിച്ചെങ്കിലും 2024ല്‍ പ്രതികളില്‍ ഒരാളായ അജാസ് സഈദ് ഷെയ്ഖിനെ വെറുതെവിട്ടു.
2011: ഹൈക്കോടതി സ്‌ഫോടനം
2011 സെപ്റ്റംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതിയുടെ പുറത്ത് സ്യൂട്ട്‌കേസില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു. 15 പേര്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്കേറ്റു. ഹര്‍കത്തുല്‍ജിഹാദെ ഇസ്‌ലാമി (ഹുജി) സംഘത്തിന്റെ പങ്ക് ആരോപിച്ച കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. ഇതിലും ആരും ശിക്ഷിക്കപ്പെട്ടില്ല.
2012: ഇസ്‌റാഈല്‍ എംബസി കാര്‍ ബോംബ് സ്‌ഫോടനം
2012 ഫെബ്രുവരി 13ന് അതീവസുരക്ഷയുള്ള ഔറംഗസേബ് റോഡിലെ ഇസ്‌റാഈല്‍ എംബസിക്ക് മുമ്പില്‍ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഇസ്‌റാഈല്‍ ഉദ്യോഗസ്ഥന്റെ ഭാര്യയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കേസില്‍ ഇതുവരെ ആരെയുംശിക്ഷിച്ചിട്ടില്ല. വിചാരണ ഇഴഞ്ഞുനീങ്ങുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."