സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: അപകടത്തിൽ പരുക്കേറ്റ സ്ത്രീയെ സ്വന്തം ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാർത്തിക ഭവനിൽ സ്വദേശി സജിത്ത്കുമാർ (55) ആണ് മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃക കാണിച്ച് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചാണ് സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാർ ഒട്ടും താമസിക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. പരുക്കേറ്റ് കിടന്ന സ്ത്രീയെ ഉടൻ തന്നെ തൻ്റെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
നന്മയുടെ ഈ യാത്രയ്ക്ക് ദുരന്തപര്യവസാനമായിരുന്നു കാത്തിരുന്നത്. യാത്രാമദ്ധ്യേ കിള്ളിപ്പാലത്തിന് സമീപം വെച്ച് സജിത്ത്കുമാറിന് കടുത്ത തലചുറ്റലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം ഓട്ടോ റോഡരികിലേക്ക് ഒതുക്കി നിർത്തി. "പരുക്കേറ്റ സ്ത്രീയോട് തനിക്ക് വയ്യായ്ക തോന്നുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ അദ്ദേഹം ഓട്ടോറിക്ഷയുടെ സീറ്റിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു."
അപകടത്തിൽപ്പെട്ട സ്ത്രീക്ക് സഹായം എത്തിക്കുന്നതിനിടെയുണ്ടായ ഈ ആകസ്മിക മരണം പ്രദേശവാസികളെയും ഓട്ടോ തൊഴിലാളികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സജിത്ത് കുമാറിനെ ഉടൻ തന്നെ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവസാനം വരെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാനായി ഓടിയ സജിത്ത് കുമാറിൻ്റെ മരണം നാടിനും കുടുംബത്തിനും തീരാവേദനയായി മാറി.
A tragic turn of events occurred in Thiruvananthapuram after a scooter collision seriously injured a woman. Sajithkumar (55), an auto driver, immediately rushed the injured woman to the hospital in his auto-rickshaw. However, during the journey near Killipalam, he experienced severe discomfort, pulled over, and collapsed. Despite efforts, Sajithkumar, the good Samaritan, passed away, while the injured woman is currently undergoing treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."