യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി
ഹൈദരാബാദ്: യുഎസിൽ ജോലി ചെയ്യാനുള്ള വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിൽ ആന്ധ്രാപ്രദേശ്കാരിയായ വനിതാ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ സ്വദേശിനിയായ ഡോ. രോഹിണി (38)യെ നവംബർ 22-ന് ഹൈദരാബാദിലെ പത്മറാവു നഗറിലുള്ള അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രോഹിണി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി സമീപത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ
സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ, താൻ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും യുഎസ് വിസ അപേക്ഷ നിരസിക്കപ്പെട്ടത് വലിയ മനോവിഷമമുണ്ടാക്കിയെന്നും ഡോ. രോഹിണി വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിൽ പോയി ജോലി ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും രോഹിണി പൂർത്തിയാക്കിയിരുന്നു. എന്നാൽ വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ മകൾ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്ന് രോഹിണിയുടെ അമ്മ ലക്ഷ്മി പൊലിസിനോട് പറഞ്ഞു.
2005-10 കാലയളവിൽ കിർഗിസ്ഥാനിൽ നിന്നാണ് ഡോ. രോഹിണി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. വിസ നിഷേധത്തെ തുടർന്നുണ്ടായ മാനസികാഘാതമാണ് ഈ യുവഡോക്ടറുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."