ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം
ലഖ്‌നൗ: 2013ല്‍ ലുധിയാനയിലെ വീട്ടില്‍നിന്ന് പൊലിസിനൊപ്പം ഗാസിയാബാദിലേക്ക് പോകുമ്പോള്‍ മുഹമ്മദ് ഇല്യാസ് മകന്‍ മുഹമ്മദ് ഷാഹിദിനോട് ഇങ്ങനെ പറഞ്ഞു: 'ആജ് യാ തോ ബഹര്‍, യാ ഹമേശാ കെ ലിയേ അന്ധാര്‍ (ഒന്നുകില്‍ മോചിതനാകും, അല്ലെങ്കില്‍ എന്നെന്നേക്കുമായി ജയിലിലടക്കപ്പെടും). ഈ വാക്കിലെ ആദ്യ ഭാഗം യാഥാര്‍ത്ഥ്യമാകാന്‍ 12 വര്‍ഷമെടുത്തു. എങ്കിലും രണ്ടാമത്തെ ഭാഗം സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇല്യാസിന്റെ കുടുംബം. 1996 ലെ ഗാസിയാബാദ് ബസ് ബോംബ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ഇല്യാസിനെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
സ്‌ഫോടനക്കേസില്‍ 1997ല്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇല്യാസിന് 2003 വരെ യു.പിയിലെ മുസഫര്‍നഗറില്‍ വീട് ഉണ്ടായിരുന്നു. എന്നാല്‍ 'ഭീകരവാദി' എന്ന ചീത്തപ്പേരും ആളുകളുടെ സംശയത്തോടെയുള്ള നോട്ടവും കാരണം വീടും ഭൂമിയും വിറ്റ് ഇല്യാസ് ലുധിയാനയിലേക്ക് മാറി. പിന്നീട് അവിടെ മരപ്പണി ചെയ്ത് ജീവിച്ചു. ഇതിനിടെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഷാഹിദിന്റെ പതിനേഴാം വയസ്സിലാണ് കുടുംബത്തിന്റെ മുഴുവന്‍ ഭാരവും അവനെ ഏല്‍പ്പിച്ച് പിതാവ് ജയിലില്‍ പോയത്.
ഇല്യാസ് ജനിച്ചതും വളര്‍ന്നതും യു.പിയിലെ മുസഫര്‍നഗറിലാണ്. കുടുംബത്തിലെ ചിലര്‍ ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. ഇല്യാസിനെ ഓര്‍ക്കുന്ന ചുരുക്കം ചിലരെ ഇപ്പോള്‍ പ്രദേശത്തുള്ളൂ. ഇല്യാസിന്റെ ഇളയ സഹോദരന്‍ അഖ്‌ലാഖിന്റെ വീടും ഇവിടെയാണ്. അറസ്റ്റിലായതിനുശേഷം ഇല്യാസിനെ കണ്ടിട്ടില്ലെന്ന് അഖ്‌ലാകിന്റെ ഭാര്യ വരീനാ ബീഗം (48) പറയുന്നു. ഇല്യാസിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് വരീനയോട് ഭര്‍ത്താവ് ആണ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇല്യാസിനെ ഭര്‍ത്താവ് പരാമര്‍ശിക്കുന്നതെന്നും വരീന പറഞ്ഞു. 1997ല്‍ ഇല്യാസും കുടുംബവും ലുധിയാനയിലേക്ക് താമസം മാറിയെങ്കിലും അദ്ദേഹം എല്ലാ മാസവും വരാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ഇല്യാസിന്റെ തൊഴിലായ മരപ്പണി തന്നെയാണ് മകന്‍ ഷാഹിദും സ്വീകരിച്ചത്. ഇല്യാസിന്റെ ഭാര്യ ബുഷ്‌റ തയ്യല്‍ ജോലിയും ചെയ്തു. ഷാഹിദിനെക്കൂടാതെ മൂന്ന് പെണ്‍മക്കളാണ് ഇല്യാസിനുള്ളത്. ഇതില്‍ ഒരാള്‍ക്ക് അധ്യാപനജോലിയും ലഭിച്ചു. 2018 ആയപ്പോഴേക്കും കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടു. അതോടെ പിതാവിന്റെ മോചനത്തിനായി നിയമയുദ്ധം തുടങ്ങി. 2023ല്‍ അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ ഡാനിഷ് അര്‍ബാസുമായി കേസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ആദ്യ പ്രതീക്ഷ ഉണ്ടായത്. പൊലിസ് രേഖകള്‍ പ്രകാരം ഇല്യാസിനെതിരേ വ്യക്തമായ തെളിവില്ലെന്ന് മനസ്സിലായതോടെ നിയമയുദ്ധം വിജയിക്കുമെന്ന് ഉറപ്പായി.
ഏകദേശം രണ്ടുകൊല്ലത്തെ നിയമയുദ്ധത്തില്‍ ഞങ്ങള്‍ ജയിച്ചെന്ന് ഷാഹിദ് പറഞ്ഞു. പിതാവ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍. കോടതി രേഖകള്‍ എല്ലാം സമര്‍പ്പിച്ചു. അമ്മാവനും ഉമ്മയും മീററ്റിലുണ്ട്. അവര്‍ പിതാവിനെ സ്വീകരിച്ച് ലുധിയാനയിലേക്ക് കൊണ്ടുവരും. പിതാവ് ജയിലിലായപ്പോഴാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹം ഇതുവരെ മരുമകളെ കണ്ടിട്ടില്ല.- ഷാഹിദ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."