ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്
മലപ്പുറം: എങ്കള് മണ്ണ് എങ്കള്‍ക്ക് മുദ്രാവാക്യമുയര്‍ത്തി അര്‍ഹതപ്പെട്ട ഭൂമിക്കായി ഇന്നേക്ക് 190 ദിവസമായി സമരം ചെയ്യുന്ന ആദിവാസി ദമ്പതികള്‍ സമരപ്പന്തലില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്. മലപ്പുറം കലക്ടറേറ്റിന് മുമ്പിലെ ദേശീയപാതയോരത്തെ ആദിവാസി സമര നായിക ബിന്ദു വൈലാശ്ശേരി, ഭര്‍ത്താവ് ഗിരിദാസ് എന്നിവരാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് അകടമ്പാടത്ത് നിന്നും ആറാം വാര്‍ഡ് നമ്പൂരിപൊട്ടിയില്‍ നിന്നും ജനവിധി തേടുന്നത്.
ഇക്കഴിഞ്ഞ മെയ് 20 മുതലാണ് നിലമ്പൂര്‍ ആദിവാസി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ മലപ്പുറം കലക്ടറേറ്റ് പടിക്കലില്‍ രണ്ടാംഘട്ട അനിശ്ചിതകാല സമരം തുടങ്ങിയത്. ഗ്രോ വാസുവാണ് ആദിവാസി ഭൂസമര സമിതി കണ്‍വീനര്‍. നേരത്തെ നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികള്‍ 315 ദിവസം നിലമ്പൂര്‍ ഐ.ടി.ഡി.പി ഒഫിസിന് മുമ്പില്‍ പട്ടിണി സമരം നടത്തിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട ജില്ലാകലക്ടര്‍ 60 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം ആറ് മാസത്തിനകം നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം അറിയിച്ചതോടെ ആദിവാസികള്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഇതോടെയാണ് ഇക്കഴിഞ്ഞ മെയ് 20 മുതല്‍ മലപ്പുറം കലക്ട്‌റേറ്റ് പടിക്കലില്‍ രണ്ടാം സമരം ആരംഭിച്ചത്.
20 ലേറെ കുടുംബങ്ങളാണ് രാപ്പകലില്ലാതെ തെരുവോരത്ത് സമരത്തിലുള്ളത്. ഇതിനിടയിലാണ് മുന്നണികളുടെ വോട്ട് രാഷ്ട്രീയത്തിനപ്പുറത്തേക്ക് നേരിട്ട് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ സമരത്തിലുള്ള ദമ്പതികള്‍ രംഗത്തുവന്നത്. ബിന്ദു വൈലാശ്ശേരി മത്സരിക്കുന്ന ചാലിയാര്‍ പഞ്ചായത്തിലെ എസ്.ടി സംവരണ സീറ്റായ 14ാം വാര്‍ഡ് അകമ്പാടത്ത് മുന്നണികളെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. നേരത്തെ എളമ്പിലാക്കോട്, ആനപ്പാറ വാര്‍ഡുകളില്‍ ബിന്ദു വൈലാശ്ശേരി മത്സരിച്ചിരുന്നു. ആറാം വാര്‍ഡ് നമ്പൂരിപൊട്ടിയില്‍ നിന്ന് ജനവിധി തേടുന്ന ഭര്‍ത്താവ് ഗിരിദാസിനിത് കന്നിയങ്കമാണ്.
രാത്രിയില്‍ സമരപ്പന്തലില്‍ കഴിഞ്ഞ് പകലില്‍ ഇരുവരും വോട്ട് തേടി കിലോമീറ്റര്‍ അകലെയുള്ള തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി തുടങ്ങി. തങ്ങളുടെ പ്രശ്‌നം തങ്ങള്‍ തന്നെ സമൂഹത്തോടെ വിളിച്ചുപറയുകയാണ്. മുന്നണിയിലെ ഇടനിലക്കാരെ വിശ്വാസമില്ലാതായിരിക്കുന്നു. കിട്ടുന്ന വോട്ട് എത്ര എന്നല്ല... തങ്ങളുടെ അവകാശം നേടിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു.
A tribal couple leading a 190-day Adivasi land struggle in Malappuram steps into the local elections. Protesters Bindu Vailassheri and Giridas, demanding promised land rights, will contest from Chaliyar Panchayat wards under Nilambur constituency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."