ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ
ചെന്നൈ: ചെന്നൈയിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മലയാളി വനിതാ ടിടിഇയെ ആക്രമിച്ച സംഭവത്തിൽ അസം സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു.ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ അക്രമാസക്തനായതെന്ന് ആക്രമണം നേരിട്ട തൃപ്പൂണിത്തുറ സ്വദേശിനി ശാരദ നാരായണ പറഞ്ഞു.
ശാരദയെ തള്ളിയിട്ട അക്രമി, അവരുടെ മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ടിടിഇമാർ ശാരദയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ അവരെയും ഇയാൾ ആക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
തുടർന്ന് ഇയാളെ പെരമ്പൂർ ഗവൺമെന്റ് റെയിൽവേ പൊലിസിന് കൈമാറി. മുഖത്തും ശരീരത്തിലും മുറിവേറ്റ ശാരദ ആശുപത്രിയിൽ ചികിത്സ തേടി.അസം കരിംഗഞ്ച് സ്വദേശിയായ അബ്ദുർ റഹ്‌മാൻ (27) ആണ് പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. ജോലി തേടി ചെന്നൈയിലെത്തിയെന്നാണ് ഇയാൾ പൊലിസിന് മൊഴി നൽകിയിട്ടുള്ളത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലിസ് സംശയിക്കുന്നുണ്ട്.
ഈ സംഭവത്തിൽ പ്രതിഷേധിച്ച്, ടിക്കറ്റ് പരിശോധകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെരമ്പൂർ, എഗ്മൂർ, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളിലെ ടിടിഇമാർ പ്രതിഷേധ സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."