മണിക്കൂറുകള്‍ക്കകം അപകടത്തില്‍ പൊലിഞ്ഞത് ഒരേ മഹല്ല് വാസികള്‍
ചേലേമ്പ്ര: പള്ളിക്കല്‍ ബസാറിലെ കോഴിപ്പുറത്തും മാവിന്‍ചുവടും വെച്ചുണ്ടായ ബൈക്കപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് ഒരേ നാട്ടുകാര്‍. കോഴിപ്പുറം മഹല്ലില്‍ താമസിക്കുന്ന രണ്ടു പേരുടേയും മയ്യിത്തുകള്‍ മണിക്കൂറുകള്‍ വ്യത്യാസത്തിലാണു മറവു ചെയ്തത്.
സുപ്രഭാതം പ്രാദേശിക ലേഖകനായ നാണിയാട്ട് മുഹമ്മദ് കോയ മകന്‍ മശ്ഹുര്‍ റഹ്മാനും (22), പലേക്കോട്ട് പാത്തുമ്മുണ്ണി(65)യുമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്കും രാത്രിയിലുമുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ബുധനാഴ്ച അപകടം നടന്നെങ്കിലും മരണം സംഭവിച്ചത് ഇന്നലെയായിരുന്നു. നാട്ടുകാരുടെ പ്രിയങ്കരനായ മശ്ഹൂറിന്റെ മയ്യിത്ത് വീട്ടിലെത്തുംമുമ്പെ ആ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെയാണ് പാത്തുമ്മുണ്ണി മരിച്ച വിവരം നാട്ടുകാരറിയുന്നത്.
കാക്കഞ്ചേരി - പളളിക്കല്‍ ബസാര്‍ റോഡിലാണു രണ്ട് അപകടങ്ങളും സംഭവിച്ചത്. ടിപ്പര്‍ ലോറി പെട്ടെന്ന് പോക്കറ്റ് റോഡിലേക്ക് വെട്ടിതിരിഞ്ഞതു മൂലമാണ് മശ്ഹൂര്‍ സഞ്ചരിച്ച ബൈക്കിനെ ടിപ്പര്‍ ഇടിക്കുന്നതും അപകടം സംഭവിക്കുന്നതും. രാത്രി എട്ടരയോടെ മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ റോഡിനപ്പുറത്തുളള വീട്ടിലേക്കു പോകാന്‍ റോഡ് മുറിച്ച് കടക്കവെയാണ് പാത്തുമ്മുണ്ണിയെ ബൈക്കിടിക്കുന്നത്.
അപകടം സംഭവിച്ചയുടനെ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. കോഴിപ്പുറം ജുമാ മസ്ജിദ്,കോഴിപ്പുറം സ്‌കൂള്‍, പള്ളിക്കല്‍ ജുമാ മസ്ജിദ്, പള്ളിക്കല്‍ യുപി സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് കാക്കഞ്ചേരി - പളളിക്കല്‍ ബസാര്‍ റോഡിന് ഇരു വശത്താണ്. ചെറിയ കുട്ടികള്‍ ,വൃദ്ധ ജനങ്ങള്‍ സ്ഥിരമായി കാല്‍ നടയായി യാത്ര ചെയ്യുന്ന റോഡില്‍ ടിപ്പര്‍ ലോറികളുടെയും മറ്റും അമിത വേഗത അപകടം ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.
ദേശീയപാത കാക്കഞ്ചേരിയിലും സമീപത്തുമായി അടുത്തിടെയുണ്ടായ അപകടങ്ങളില്‍ മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."