ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്
പാനൂർ (കണ്ണൂർ): രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടായ പാനൂർ നഗരസഭാ അധ്യക്ഷൻ, കെ.പി ഹാഷിം വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിന്. നിരവധി തവണ ആർ.എസ്.എസിന്റെ കൊലക്കത്തിയിൽ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ട ഈ കോൺഗ്രസ് നേതാവ്, സി.പി.എമ്മിന്റെയും ആക്രമണത്തിനിരയായിട്ടുണ്ട്.
സ്വന്തം വാർഡ് സംവരണമായതോടെ 30ാം വാർഡുകാരുടെ ആവശ്യപ്രകാരം അവിടെയാണ് ഹാഷിം ഇത്തവണ അങ്കത്തിനിറങ്ങിയിരിക്കുന്നത്. നിരവധി തവണ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ ഓരോ ഭാഗവും പലതവണ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന്റെ വേദനയറിഞ്ഞിട്ടുണ്ട്.
പെരിങ്ങളം പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പാനൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായുമുള്ള പരിചയത്തിന്റെ പിൻബലത്തിലാണ് അദ്ദേഹം നഗരസഭാ ചെയർമാൻ പദവിയിലെത്തുന്നത്.
പെരിങ്ങളം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെയാണ് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായത്. അന്ന് തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ട് വർഷം മുമ്പ് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കെ ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമാണ് കോഴിക്കോട്ടെയും കോയമ്പത്തൂരിലെയും ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ച് കിടക്കേണ്ടിവന്നത്. അവസാനം നടക്കാൻ ഊന്നുവടിയുടെ സഹായം വേണ്ടിവന്നെങ്കിലും ആ ഊന്നുവടിയിലേറി അദ്ദേഹം നഗരപിതാവായി മാറി.
ഒരു കാലിന്റെ സ്വാധീനക്കുറവ് ഹാഷിമിനെ വാക്കിങ് സ്റ്റിക്കിലാക്കിയെങ്കിലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ഓടേണ്ടിവരുമെന്ന് മാത്രം. സി.പി.എം നേതാവ് കോടൂർ ബാലനാണ് ഹാഷിമിന്റെ എതിരാളി. യുവാക്കളുടെ ഇഷ്ടതോഴനായ കെ.പി ഹാഷിം, വലിയുല്ലാഹി അന്ത്രുപ്പാപ്പയുടെ സഹോദര പുത്രനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."