വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ
സുൽത്താൻ ബത്തേരി: സുന്ദരനഗരം, ശുചിത്വനഗരം എന്ന് പേരെടുത്ത സുൽത്താൻ ബത്തേരി നഗരസഭ ഇത്തവണ ആരെ വരിക്കും. ഭരണം പിടിക്കാൻ ശക്തമായ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. കഴിഞ്ഞ രണ്ട് തവണയായി കൈയ്യാളുന്ന ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും പോരാട്ടത്തിലാണ്. ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എയും രംഗത്തുണ്ട്.
കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് ഡിവിഷനുകളിൽ എൽ.ഡി.എഫ് നടത്തുന്നത്. നാളിതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷത്തെ തന്നെ വീണ്ടും ഭരണത്തിലേറ്റുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതേസമയം തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറിയിട്ടും കാര്യമായ വികസന പ്രവർത്തനം നടത്താതെ പുറംമേനി നടിച്ച് നടക്കുന്ന ഇപ്പോഴത്തെ ഭരണക്കാരിൽ നിന്ന് നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.
ചലനം സൃഷ്ടിക്കാൻ 36 ഡിവിഷനിലും സ്ഥാനാർഥികളെ എൻ.ഡി.എ നിർത്തിയിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും അവകാശപെടുന്നത് ഇത്തവണ 25 മുതൽ 27 സീറ്റ് വരെ നേടുമെന്നാണ്. 36 ഡിവിഷനിൽ യു.ഡി.എഫിൽ 21 ഇടത്ത് കോൺഗ്രസും 14 ഇടത്ത് മുസ്‍ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരു ഡിവിഷനിലുമാണ് മത്സരിക്കുന്നത്.എൽ.ഡി.എഫിൽ 29 സീറ്റിൽ സി.പി.എമ്മും രണ്ട് ഡിവിഷനുകളിൽ കേരള കോൺഗ്രസ് എമ്മും ഓരോ ഡിവിഷനുകളിൽ ജെ.ഡി.എസും ആർ.ജെ.ഡിയുമാണ് മത്സരിക്കുന്നത്. എൻ.ഡി.എയിൽ 34 ഡിവിഷനിൽ ബി.ജെ.പിയും അവശേഷിക്കുന്ന രണ്ട് ഡിവിഷനുകളിൽ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്.
33ാം ഡിവിഷനായ ചീനപുല്ലിൽ മുസ്‍ലിം ലീഗിനും 24ാം ഡിവിഷനായ കട്ടയാട് കോൺഗ്രസിനും വിമതഭീഷണിയും നിലനിൽക്കുന്നുണ്ട്. വിമതരായി മത്സരിക്കുന്നവരെ അതാത് പാർട്ടികൾ പുറത്താക്കിയിട്ടുമുണ്ട്. 35 ഡിവിഷനായിരുന്നു നഗരസഭയിൽ ഇത്തവണ പുതുതായി ഒരു ഡിവിഷൻകൂടി 36ലെത്തി. 2015ലാണ് ഗ്രാമപഞ്ചായത്തായിരുന്ന സുൽത്താൻ ബത്തേരിയെ നഗരസഭയായി ഉയർത്തിയത്. അതുവരെ മൂന്നര പതിറ്റാണ്ട് കാലം പഞ്ചായത്ത് ഭരിച്ചുവന്നത് യു.ഡി.എഫായിരുന്നു. 2015ൽ നടന്ന പ്രഥമ നഗരസഭ തെരഞ്ഞെടുപ്പിൽ 35 ഡിവിഷനിൽ 17 വീതം ഡിവിഷനുകൾ എൽ.ഡി.എഫും യു.ഡി.എഫും പിടിച്ചു. അവശേഷിച്ച ഒരു ഡിവിഷൻ ബി.ജെ.പിയും നേടി.
സീറ്റ് തുല്യമായതോടെ ഭരണം തുലാസിലായി. ഇതോടെ അന്ന് യു.ഡി.എഫ് ഭാഗമായി നിന്ന് കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി മത്സരിച്ച് ജയിച്ചയാളെ കൂട്ടിയാണ് ഇടതുപക്ഷം പ്രഥമ നഗരസഭ ഭരണം പിടിച്ചെടുത്തത്. തുടർന്ന് 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്.
പ്രതിപക്ഷ നേതാവ് ഇന്ന് പ്രചരണത്തിന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷ നേതാവിന്റെ ജില്ലയിലെ ആദ്യ പരിപാടി. തുടർന്ന് മൂന്നിന് മാനന്തവാടി കുഴിനിലത്ത് നടക്കുന്ന കുടുംബസംഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വൈകിട്ട് 5.30ന് കമ്പളക്കാടും 6.30ന് ചുള്ളിയോടും നടക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
The municipality, known as a "beautiful" and "clean" city, is witnessing a fierce contest between the incumbent Left Democratic Front (LDF) and the challenging United Democratic Front (UDF).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."