സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് ഇക്കുറി 'ഓണമില്ല'
കൊല്ലം: ബോണസും ആനുകൂല്യവുമില്ലാത്തതിനാല്‍ സംസ്ഥാനത്ത് അടച്ചിട്ട സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഇക്കുറി 'ഓണമില്ല'
ജോലിചെയ്ത കാലയളവിലെ ബോണസ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉടമകള്‍ നിഷേധിക്കുകയായിരുന്നു.
ഇതിനെതിരേ കഴിഞ്ഞ ഒരാഴ്ചയിലധികമായി ഫാക്ടറിക്കു മുന്നിലും ഉടമകളുടെ വീടുകള്‍ക്കുമുന്നിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല.
നൂറിലേറെ കമ്പനികളിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഓണത്തിനുമുന്‍പ് കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍, കശുവണ്ടി കോര്‍പറേഷനുകീഴിലെ ഏതാനും ചില കമ്പനികള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. സ്വകാര്യമേഖലയിലെ ഭൂരിഭാഗം ഫാക്ടറികളും തുറന്നിരുന്നില്ല. പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളില്‍ ബോണസ് നല്‍കിയതുതന്നെ കടമെടുത്താണ്.
നഷ്ടംസഹിച്ച് ഓണത്തിനുമുന്‍പ് പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യമല്ലെന്ന് സ്വകാര്യ ഫാക്ടറി ഉടമകള്‍ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."