പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷയോടൊപ്പം രേഖകള്‍ വേണ്ട
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷയോടൊപ്പം രേഖകള്‍ നല്‍കേണ്ടതില്ലെന്ന് ഉത്തരവ്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കുന്നതിനു ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിവിധ രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും പകര്‍പ്പുകള്‍ സ്‌കാന്‍ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്നു നേരത്തേ നിര്‍ദേശം വന്നിരുന്നു.
ഇതു വ്യാപകമായ പരാതിക്കിടയാക്കിയതിനെ തുടര്‍ന്നാണ് ഡി.പി.ഐയുടെ പുതിയ ഉത്തരവ്. അപേക്ഷയോടൊപ്പം വരുമാനം, ജാതി എന്നിവയുടെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, ഫോട്ടോ, വിദ്യാര്‍ഥിയുടെ സാക്ഷ്യപത്രം, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒന്‍പതോളം രേഖകള്‍ സ്‌കാന്‍ചെയ്ത് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നേരത്തേയുള്ള നിര്‍ദേശം.
ആധാര്‍ ഒഴികെ ഒരു രേഖകളും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവിലുള്ളത്.
അപേക്ഷിക്കുന്ന കുട്ടികളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്യാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ലിങ്ക് ചെയ്യാത്ത അപേക്ഷകള്‍ നിരസിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക്് പ്രതിവര്‍ഷം 1,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.
വാര്‍ഷിക പരീക്ഷയില്‍ അന്‍പത് ശതമാനം മാര്‍ക്കുള്ളവരും രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ഒരു കുടുംബത്തില്‍ നിന്ന് രണ്ടുകുട്ടികള്‍ക്കാണ് പരമാവധി സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിച്ചുവയ്ക്കാനും നിര്‍ദേശമുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളുടെ അപേക്ഷ അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകന്‍ വഴി സമര്‍പ്പിക്കാനാവുമെന്നിരിക്കെ, അപേക്ഷയോടൊപ്പം കൂടുതല്‍ രേഖകളുടെ പകര്‍പ്പ് ഇത്തവണ ആവശ്യപ്പടുകയായിരുന്നു. അപേക്ഷാ ഫോറത്തിനും രേഖകളുടെ പകര്‍പ്പെടുക്കുന്നതിനുമായി വന്‍തുകയാണ് ഇന്റര്‍നെറ്റ് കഫേകളില്‍ ചെലവുവരുന്നത്.
അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുകകൂടി ചെയ്തതോടെ പലര്‍ക്കും അപേക്ഷിക്കാനായിട്ടില്ല. തിരക്കു വര്‍ധിച്ചതോടെ സര്‍വര്‍ തകരാറിലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."