ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ, പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ദിവസം ഫേസ്ബുക്കിൽ സർവേ ഫലം പങ്കുവച്ചത് ചട്ടവിരുദ്ധമാണെന്നാണ് വിമർശനം. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
ശ്രീലേഖയുടെ പ്രവചനത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം
60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന ശ്രീലേഖയുടെ പ്രസ്താവന രാഷ്ട്രീയ അജ്ഞതയാണെന്ന് വി. ശിവൻകുട്ടി വിമർശിച്ചു.കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം നടന്നു. ഇത്തവണയും യുഡിഎഫ് രംഗത്തുണ്ടായിരുന്നു.എന്നാൽ, ഇതൊന്നും എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.
പെരുമാറ്റച്ചട്ട ലംഘനം
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ആർ. ശ്രീലേഖ പങ്കുവെച്ചത്.സി ഫോർ സർവേ പ്രീ-പോൾ ഫലം എന്ന പേരിലാണ് വോട്ടെടുപ്പ് ദിവസം രാവിലെ പോസ്റ്റർ പങ്കുവെച്ചത്.പ്രീ-പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.നേരത്തെ, പ്രചാരണ ബോർഡുകളിൽ 'ഐപിഎസ്' എന്ന് ഉപയോഗിച്ചതിനെതിരെയും ശ്രീലേഖക്കെതിരെ പരാതി ഉയർന്നിരുന്നു.
നടിയെ ആക്രമിച്ച കേസ്: സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് ശിവൻകുട്ടി; അടൂർ പ്രകാശിനെതിരെ വിമർശനം
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി കിട്ടി എന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു."അത് ശരിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്," എന്നും അദ്ദേഹം പറഞ്ഞു.കോടതി വിധിയിൽ സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ പ്രതികരണം
കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി കിട്ടി എന്നാണ് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടത്.ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ പ്രതികരിച്ചു."ഉന്നത പൊലFസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്," എന്നും അടൂർ പ്രകാശ് പറഞ്ഞു.
"സർക്കാർ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റ് പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റും," എന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."