ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ, സമുദ്ര സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ (ICGS) ‘സാർത്ഥക്’ കുവൈത്തിൽ. അഞ്ച് ദിവസത്തെ സൗഹൃദ സന്ദർശനത്തിനായി ഇന്നലെ കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് (Shuwaikh Port) നങ്കൂരമിട്ട കപ്പലിനെ ഇന്ത്യൻ ദേശീയ പതാകയേന്തി സ്കൂൾ വിദ്യാർത്ഥികൾ വരവേറ്റു. ഇന്ത്യൻ എംബസി അധികൃതർ കപ്പലിനും ജീവനക്കാർക്കും ഇന്ത്യൻ വിദ്യാർഥികൾ ഊഷ്മളമായ സ്വീകരണം നൽകി. വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (എംഇഎ) അസീം മഹാജൻ, കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (എഎഫ്എം) അംബാസഡർ സമീഹ് എസ്സ ജോഹർ ഹയാത്ത് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങളിലെയും സമുദ്ര സഹകരണത്തിലെയും സുപ്രധാന നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. പ്രാദേശിക സുരക്ഷയോടുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും ദീർഘകാല സൗഹൃദവുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഉൾപ്പെടുത്തിയ അത്യാധുനിക ഓഫ്‌ഷോർ പട്രോൾ വെസലാണ് ‘സാർത്ഥക്’. സുരക്ഷ, പരിശീലനം, വിവരങ്ങൾ കൈമാറൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കപ്പലിലെ ജീവനക്കാർ കുവൈത്തിലെ സഹപ്രവർത്തകരുമായി നിരവധി പ്രൊഫഷണൽ ആശയവിനിമയ പരിപാടികളിൽ ഏർപ്പെടും. പ്രധാനമന്ത്രിയുടെ 2024-ലെ കുവൈത്ത് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ചേർന്ന് രൂപീകരിച്ച നയതന്ത്ര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കുവൈത്തിലെ ഇന്ത്യൻ സമൂഹം ഉണ്ടാക്കിയെടുത്ത ശക്തമായ ചരിത്രപരവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധത്തെ ഇത് എടുത്തുകാണിക്കുന്നു. 1961ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കുവൈറ്റുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ചത് ഒരു ട്രേഡ് കമ്മീഷണറായിരുന്നു.
Summary: Indian Coast Guard Ship (ICGS) ‘Sarthak’ arrives in Kuwait as part of strengthening defence and maritime security ties between India and Kuwait
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."