അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടങ്ങി. തനിക്ക് അമ്മ മാത്രമേ ഉള്ളൂവെന്നും അമ്മയെ സംരക്ഷിക്കേണ്ടത് താനാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടു. ചെയ്യാത്ത തെറ്റിനാണ് അഞ്ചര വര്‍ഷം ശിക്ഷ അനുഭവിച്ചതെന്നും പ്രായമായ മാതാപിതാക്കളാണ് ഉള്ളതെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞു. തന്റെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ലെന്നും താന്‍ ജോലിക്ക് പോയിട്ട് വേണം വീട്ടിലെ നിത്യചെലവുകള്‍ കഴിയാനെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
കേസില്‍ 11.30 ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഗൂഢാലോചനയില്‍ പങ്കില്ല. തെറ്റു ചെയ്തിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയില്‍ ഇളവു വേണമെന്ന് മൂന്നാം പ്രതി മണികണ്ഠനും ആവശ്യപ്പെട്ടു. കുറഞ്ഞശിക്ഷ നല്‍കണം. നാട് തലശ്ശേരിയാണ്. കണ്ണൂര്‍ ജയിലിലാക്കണമെന്നുമാണ് നാലാംപ്രതി വിജീഷ് ആവശ്യപ്പെട്ടത്. തെറ്റ് ചെയ്തിട്ടില്ല. ഭാര്യയും മകളുമുണ്ടെന്ന് അഞ്ചാംപ്രതി എച്ച്.സലിം എന്ന വടിവാള്‍ സലിമും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആറാം പ്രതി പ്രദീപും ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. രണ്ടു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്ക് ഒരേപോലെ ശിക്ഷ നല്‍കണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഒന്നാം പ്രതിയാണ് പ്രധാനകുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവര്‍ അതിനുവേണ്ടി കൂട്ടായിനിന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഒന്നാം പ്രതിയുടെ അതേശിക്ഷ തന്നെ എല്ലാവര്‍ക്കും നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടിയില്‍ എന്‍.എസ് സുനില്‍കുമാര്‍ (പള്‍സര്‍ സുനി-37) തൃശൂര്‍ കൊരട്ടി പുതുശേരി ഹൗസില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (37), തലശേരി കതിരൂര്‍ മംഗലശേരിയില്‍ വി.പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പില്‍ എച്ച്. സലിം (വടിവാള്‍ സലിം- 30), തിരുവല്ല പഴയനിലത്തില്‍ പ്രദീപ് (31) എന്നീ ആക്രണത്തില്‍ നേരിട്ടു പങ്കെടുത്തവരെയാണ് കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.
ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കെതിരേ കൂട്ട ബലാത്സംഗം, ക്രിമനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍) എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്. 20വര്‍ഷം തടവ് മുതല്‍ ഇരട്ടജീവപര്യന്തംവരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണിത്. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഇതേകുറ്റങ്ങളില്‍ നിന്നാണ് ദിലീപ് അടക്കം നാല് പ്രതികള്‍ ഒഴിവായത്. പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ ഭീഷണിക്കുറ്റവും നീക്കിയിട്ടുണ്ട്.
രണ്ടുമുതല്‍ ആറുവരെ പ്രതികള്‍ക്കെതിരേ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനില്‍ക്കും. സിംകാര്‍ഡ് നശിപ്പിച്ചതിന് രണ്ടാംപ്രതി മാര്‍ട്ടിനെതിരേ തെളിവുനശിപ്പിക്കല്‍ കുറ്റം കൂടിയുണ്ട്.
സൂത്രാധാരന്‍ എന്ന കുറ്റം ചുമത്തപ്പെട്ട ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ട കോടതി വിധി സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത കേസില്‍ എട്ട് വര്‍ഷവും എട്ട് മാസവും പിന്നിട്ടശേഷമാണ് വിധി വരുന്നത്. ദിലീപിന് പുറമേ കേസിലെ ഏഴാംപ്രതി കണ്ണൂര്‍ ഇരിട്ടി പൂപ്പാലിയില്‍ ചാര്‍ലി തോമസ് (51), ഒമ്പതാം പ്രതി കോഴഞ്ചരി സ്നേഹഭവനില്‍ സനില്‍കുമാര്‍ (മേസ്ത്രി സനില്‍-49), രണ്ടാം കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 15-ാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരത് നായര്‍ (വി.ഐ.പി ശരത്) എന്നിവരാണ് കുറ്റവിമുക്തരായത്.
കേസില്‍ 15 പേരെ പ്രതികളാക്കിയിരുന്നെങ്കിലും രണ്ട് പേരെ വിചാരണക്കിടയില്‍ ഒഴിവാക്കുയും മൂന്നുപേരെ മാപ്പുസാക്ഷികളാക്കുകയും ചെയ്തിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണകോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."