ദുരഭിമാനക്കൊല: മകന്റെ ലിവ്-ഇൻ പങ്കാളിയെ വിഷം നൽകി കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; പിതാവ് അറസ്റ്റിൽ
കവർധ: ഛത്തീസ്ഗഢിൽ മകന്റെ ലിവ്-ഇൻ റിലേഷൻഷിപ്പിനോടുള്ള ജാതി വെറിയും ദുരഭിമാനവും ഒരു കൊലപാതകത്തിൽ കലാശിച്ചു. മറ്റൊരു ജാതിയിൽപ്പെട്ട യുവതിയുമായുള്ള ബന്ധം അംഗീകരിക്കാൻ കഴിയാതിരുന്ന പിതാവ്, യുവതിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചു.
ഛത്തീസ്ഗഢ്, ലോഹാര പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ബന്ദതോള ഗ്രാമത്തിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. പ്രതിയായ ജഹൽ പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രണയവും കൊലപാതകവും
പൊലിസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ് ജഹൽ പട്ടേലിന്റെ മകൻ ഭോജ്‌റാം പട്ടേലും രാജ്‌നന്ദ്ഗാവ് സ്വദേശിയായ കാമിനി നിഷാദും ഹൈദരാബാദിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. വിവാഹിതരാകാൻ തീരുമാനിച്ച ഇരുവരും കവർധയിലെ ഭോജ്‌റാമിന്റെ കുടുംബവീട്ടിലെത്തി.
വിവാഹ കാര്യത്തെക്കുറിച്ച് ഭോജ്‌റാം വീട്ടുകാരെ അറിയിച്ചെങ്കിലും, കാമിനി മറ്റൊരു ജാതിയിൽപ്പെട്ട യുവതിയായതിനാൽ പിതാവ് ജഹൽ പട്ടേലിന് ഇതിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഈ ബന്ധം തങ്ങളുടെ കുടുംബത്തിന് അപമാനമാണെന്ന് ജഹൽ പട്ടേൽ വാദിച്ചു.
വീടിന് പുറകിലെ രഹസ്യം
നവംബർ ഏഴാം തീയതി കാമിനിയെ വീട്ടിലാക്കി ഭോജ്‌റാം പുറത്തേക്ക് പോയ തക്കം നോക്കി ജഹൽ പട്ടേൽ തൻ്റെ ക്രൂരകൃത്യം നടപ്പിലാക്കി. വീട്ടിൽ ഒറ്റയ്ക്കിരുന്ന കാമിനിക്ക് ഇയാൾ വിഷം നൽകി കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ജഹൽ, ആരും തിരിച്ചറിയാതിരിക്കാൻ സെപ്റ്റിക് ടാങ്കിന്റെ മൂടി സിമൻ്റ് തേച്ച് അടക്കുകയും ചെയ്തു.
പൊലിസിൻ്റെ കണ്ടെത്തൽ
മടങ്ങി വന്ന ഭോജ്‌റാം കാമിനിയെ അന്വേഷിച്ചപ്പോൾ, യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് ജഹൽ പട്ടേൽ മറുപടി നൽകിയത്. ഭോജ്‌റാം പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കാമിനിയെ കണ്ടെത്താനായില്ല. തുടർന്ന് ലോഹാര പൊലിസിൽ ഭോജ്‌റാം പരാതി നൽകി.
അന്വേഷണത്തിനിടെ, കാമിനിയെ ജഹൽ പട്ടേൽ കൊലപ്പെടുത്തിയെന്ന സംശയം പൊലിസിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ജഹൽ പട്ടേൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിൽ കാമിനിയുടെ മൃതദേഹം കണ്ടെടുത്തു.
ഡിഎൻഎ പരിശോധനയിലൂടെ മരിച്ചത് കാമിനി തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചു. മകനെ കാമിനിയിൽ നിന്ന് അകറ്റാൻ വേണ്ടിയാണ് കൊലപാതകം ചെയ്തതെന്ന് ജഹൽ പട്ടേൽ സമ്മതിച്ചു. നിലവിൽ റിമാൻഡിലാണ് ഇയാൾ. ജാതി വെറിയെ തുടർന്നുണ്ടായ ഈ ദുരഭിമാനക്കൊല രാജ്യത്തിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."