യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു
കൊച്ചി: മുന്നണികൾക്കകത്തെ ചെറുകക്ഷികൾ സ്വാധീനം തെളിയിക്കുന്ന തദ്ദേശപ്പോരിൽ യു.ഡി.എഫിലെ ഘടകകക്ഷികൾ പ്രധാനകക്ഷിയായ കോൺഗ്രസിനൊപ്പം കരുത്ത് വർധിപ്പിച്ചപ്പോൾ എൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള ഘടകകക്ഷികളുടെ സ്ഥിതി ദയനീയമായി. യു.ഡി.എഫിൽ മുസ് ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തദ്ദേശ ഭരണത്തിലെ സ്വാധീനം വർധിപ്പിച്ചപ്പോൾ എൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പെടെ മെലിഞ്ഞ അവസ്ഥയിലാണ്.
23,611 സീറ്റുകളിൽ കോൺഗ്രസ് 7,792 സീറ്റുകളിൽ കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ചപ്പോൾ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ ലീഗ് 2,843 സീറ്റുകളിൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥികളെ വിജയിപ്പിച്ചു. 2020ൽ കോൺഗ്രസിന് 5,551 സീറ്റും ലീഗിന് 2,131 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇതോടെ ലീഗിന് കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ കൂടുതൽ തദ്ദേശ സീറ്റുകളിൽ വിജയം നേടി മൂന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. യു.ഡി.എഫിലെ ഇതര ഘടകക്ഷികളുടെ നിലയും ഇത്തവണ മെച്ചപ്പെട്ടു. കേരള കോൺഗ്രസ് 254 ൽനിന്ന് 332 സീറ്റായി വർധിപ്പിച്ചപ്പോൾ ആർ.എസ്.പി 51ൽനിന്ന് 57 ആയി നിലമെച്ചപ്പെടുത്തി. 29 സീറ്റ് മാത്രമുണ്ടായിരുന്ന കേരള കോൺഗ്രസ് ജേക്കബ് ഇത്തവണ 34 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ പോലും വിജയിക്കാതിരുന്ന സി.എം.പി (സി.പി ജോൺ) ഒരു മുനിസിപ്പൽ സീറ്റ് ഉൾപ്പെടെ 10 സീറ്റിൽ വിജയിച്ചു. കെ.ഡി.പിക്ക് എട്ടും സീറ്റിൽ അക്കൗണ്ട് തുറക്കാനായി.
യു.ഡി.എഫുമായി സഹകരിച്ച് മത്സരിച്ച ആർ.എം.പി.ഐക്ക് 20 സീറ്റിൽനിന്ന് 29 സീറ്റായി വർധിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ, എൽ.ഡി.എഫിൽ സി.പി.എം ഒഴികെയുള്ള 10 ഘടകകക്ഷികളുടെയും സ്ഥിതി മെച്ചപ്പെട്ടില്ല. സി.പി.എം 2020ലെ 8,191 സീറ്റിൽനിന്ന് 7,430 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ഘടകക്ഷികൾക്കെല്ലാം കനത്ത തിരിച്ചടിയാണുണ്ടായത്. 1,283 സീറ്റുകളുണ്ടായിരുന്ന സി.പി.ഐ 1,015 സീറ്റിലേക്ക് ഒതുങ്ങി. 356 സീറ്റുണ്ടായിരുന്ന കേരള കോൺഗ്രസ് (എം) 246 സീറ്റിലേക്ക് കുറഞ്ഞു. എൽ.ജെ.ഡിയായിരുന്നപ്പോൾ 88 സീറ്റിൽ വിജയിച്ച ആർ.ജെ.ഡി ഇത്തവണ 63 സീറ്റിൽ ഒതുങ്ങി. 72 സീറ്റ് ഉണ്ടായിരുന്ന ജനതാദൾ (എസ്) 44ലേക്കും 23 സീറ്റ് ഉണ്ടായിരുന്ന കേരള കോൺഗ്രസ് (ബി) 15 സീറ്റിലേക്കും താഴ്ന്നു. ഐ.എൻ.എൽ (ഒമ്പത്), കോൺഗ്രസ് (എസ്) (എട്ട്), ജെ.കെ.സി (ആറ്), എന്നിങ്ങനെയാണ് മറ്റു ഘടകക്ഷികളുടെ സ്ഥിതി. കഴിഞ്ഞ തവണ 48 സീറ്റിൽ വിജയിച്ച എൻ.സി.പിക്ക് ഇത്തവണ എൻ.സി.പി. (ശരത് പവാർ) 25 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഒരു സീറ്റ് മാത്രമുണ്ടായിരുന്ന കേരള കോൺഗ്രസ് സ്‌കറിയയും ചിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലെ ഘടകകക്ഷികളുടെ നിലയും പരിതാപകരമാണ്. സീറ്റ് വിഭജനത്തിൽ തന്നെ തഴയപ്പെട്ട ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് നാമമാത്ര വിജയം മാത്രമാണ് ഉണ്ടായിരിക്കുന്നത്. 1,596 സീറ്റിൽനിന്ന് 1910ലേക്ക് ബി.ജെ.പിക്ക് ഉയരാൻ കഴിഞ്ഞു. എന്നാൽ, ബി.ഡി.ജെ.എസിന് മുന്നേറാൻ കഴിഞ്ഞത് അഞ്ച് സീറ്റിൽ മാത്രമാണ്. എൽ.പി.ജെ.ക്ക് ഒരു സീറ്റ് നിലനിർത്താനായി. എൻ.ഡി.എയിലെ മറ്റു ഘടകക്ഷികൾക്കൊന്നും അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.
മുന്നണികളുടെ ഉൾപ്പെടെ 1403 സ്വതന്ത്രരാണ് ഇത്തവണ വിജയിച്ചിരിക്കുന്നത്. മുന്നണിക്ക് പുറത്ത് മത്സരിച്ച രാഷ്ട്രീയ കക്ഷികളിൽ എസ്.ഡി.പി.ഐക്ക് 97 സീറ്റിലും ട്വന്റി ട്വന്റിക്ക് 78 സീറ്റിലൂം വെൽഫെയർ പാർട്ടിക്ക് 31 സീറ്റിലും മുന്നേറാൻ കഴിഞ്ഞിട്ടുള്ളു. മുന്നണിക്ക് അകത്തും പുറത്തുമായി 51 രാഷ്ടീയ കക്ഷികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."