ഓണവും പെരുന്നാളും ആഘോഷിച്ച് വിദ്യാലയങ്ങള്‍ അടച്ചു
കാലിക്കടവ് : പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണവും പെരുന്നാളും ആഘോഷിച്ച് വിദ്യാലയങ്ങള്‍ പത്തു ദിവസത്തേക്ക് അടച്ചു.
ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. ആഘോഷം ഏതായാലും അത് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുക എന്നതാണ് വിദ്യാലയത്തിലെ രീതി.
ജാതി മത ഭേതമന്യേ ഒരു ഗ്രാമത്തിലെ മുഴുവനാളുകളും ഓണമുണ്ണാനെത്തിയപ്പോള്‍ അക്ഷരമുറ്റത്തെ ഓണാഘോഷം മത സാഹോദര്യത്തിന്റെതായി. റമദാന്‍ മാസത്തില്‍ ഇതരമതസ്ഥരും നോമ്പ് നോല്‍ക്കുന്നതും എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹനോമ്പുതുറയും വര്‍ഷങ്ങളായി ഇവിടെ തുടര്‍ന്നു വരുന്ന ശീലമാണ്.
ഇത്തവണ ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതിനാല്‍ വിപുലമായ രീതിയിലാണ് ആഘോഷം നടന്നത്. എണ്ണൂറോളം പേര്‍ക്കാണ് ഇത്തവണ വിദ്യാലയത്തില്‍ ഓണസദ്യയൊരുക്കിയത്.
കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വേറിട്ട രീതിയിലായിരുന്നു ഓണാഘോഷം. മാലിന്യമുക്ത സന്ദേശവുമായി ഇവിടെ കുട്ടികളുടെ മാവേലി വീടുകള്‍ തോറും എത്തി. പ്രിന്‍സിപ്പാള്‍ സൂര്യ നാരായണ കുഞ്ചുരായര്‍ ഉദ്ഘാടനം ചെയ്തു.
ഓണവും ബലിപെരുന്നാളും ഒരുമിച്ചെത്തിയപ്പോള്‍ കാടങ്കോട് ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൈലാഞ്ചിയണിയലും പൂക്കളമിടലും ഒരുമിച്ചു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."