പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പലസ്തീൻ ചിത്രങ്ങൾ ഉൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി രൂക്ഷമായി വിമർശിച്ചു. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണ്. രാജ്യം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
"ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച 19 ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. അതിൽ പലസ്തീൻ ജനങ്ങളുടെ ചെറുത്തുനിൽപ്പ് ചിത്രീകരിക്കുന്ന, നമ്മളെ വല്ലാതെ പിടിച്ചുലയ്ക്കുന്ന പലസ്തീൻ ചിത്രങ്ങളും ഉണ്ട്," എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ആധുനിക സിനിമകളെ കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവർക്ക് കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഈ പ്രവൃത്തി എത്രമാത്രം ഭ്രാന്തവും അധിക്ഷേപാർഹവും ആണെന്ന് മനസിലാകും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കീഴിൽ ജോലിയെടുക്കുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ സിനിമ കാണിക്കരുതെന്നാണ് പറയുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്രമേളയെത്തന്നെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണിതെന്നും ഇവർ ഇന്ത്യയിലെ ജനങ്ങൾക്ക് സാംസ്‌കാരിക ജീവിതം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. മൊത്തം 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകേണ്ട സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
'ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള വിഖ്യാത ചിത്രങ്ങളും പലസ്തീൻ പാക്കേജിലെ മൂന്ന് സിനിമകളും തടഞ്ഞ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പ്രദർശനാനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന എം.എ. ബേബിയുടെ ആരോപണത്തിന് പുറമെ, ബീഫ് എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചതിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രംഗത്തെത്തി. ചിത്രത്തിന്റെ പ്രദർശനം നിഷേധിച്ചത് അറിവുകേടുകൊണ്ടാണെന്നും അടൂർ ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.
palestine films ban at iffk an attempt to sabotage festival; m.a. baby slams central government. iffk film row: m.a. baby accuses centre of trying to wreck film festival over palestine package
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."