മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസില്‍ 'ഫെമ' ലംഘനം കണ്ടെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. ഇ.ഡി നടപടിക്കെതിരെ കിഫ്ബി നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഇ.ഡിക്ക് നോട്ടിസ് അയച്ച കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കി. ഈ നോട്ടിസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഹൈക്കോടതി ഇനി ഈ കേസില്‍ വാദം കേള്‍ക്കുക.
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും കാരണം കാണിക്കല്‍ നോട്ടിസും റദ്ദാക്കണമെന്നും കാണിച്ചാണ് കിഫ്ബി കോടതിയെ സമീപിച്ചത്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ ഹരജി അപക്വമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ടി.എംതോമസ് ഐസക്കിനുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നത്. കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാമിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. മസാലബോണ്ടിറക്കി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് കിഫ്ബി സമാഹരിച്ച 2,150 കോടി രൂപയില്‍ 466.19 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചത് രാജ്യത്തെ വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കിഫ്ബിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് നോട്ടിസ് നല്‍കിയത്.
അഞ്ചു വര്‍ഷം മുന്‍പ് തന്നെ കിഫ്ബിയുടെ മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."