കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ
കണ്ണൂർ: വാനിലേക്കുയർന്നു നിൽക്കുന്ന പള്ളിമിനാരങ്ങളിൽ നിന്ന് വിശുദ്ധിയുടെ ചൈതന്യം പ്രസരിക്കുന്ന അറക്കലിന്റേയും ചിറക്കലിന്റേയും പെരുമ പേറുന്ന കണ്ണൂരിന്റെ മണ്ണിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് രാജകീയ വരവേൽപ്.
സമസ്ത പിറന്ന മണ്ണിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രയാണം രാവിലെ 10 മണിയോടെ വരക്കൽ മഖാം സിയാറത്തോടെയായിരുന്നു.കോഴിക്കോടിന്റെയും കണ്ണൂരിന്റെയും തെരുവോരങ്ങളിൽ സന്ദേശ യാത്രയെ സ്വീകരിക്കാനും ആശീർവദിക്കാനുമായി നിരവധി പേരാണ് സമസ്തയുടെ കൊടികളേന്തി നിന്നത്.
സമസ്തയുടെ വേരോട്ടവും ചരിത്രവും ചർച്ച ചെയ്യപ്പെട്ട കുറ്റ്യാടി, നാദാപുരം വഴി കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിലെത്തി. സ്വീകരിക്കാനെത്തിയവർ ശീതള പാനീയവും പഴവർഗങ്ങളും സന്ദേശയാത്രയിൽ വാഹനങ്ങളിലെത്തിയവർക്ക് കൈമാറി. കൂത്തുപറമ്പ്, മട്ടന്നൂർ, വാരം, ചാല വഴി രാത്രി 9 മണിയോടെയാണ് യാത്ര കണ്ണൂരിലെത്തിയത്. ദഫ് മുട്ടിയും പതാക വീശിയും സമസ്തയുടെ അണികൾ നിറഞ്ഞതോടെ കണ്ണൂരിന്റെ തെരുവീഥികളിൽ കടലിരമ്പി.
കണ്ണൂർ ടൗൺ സ്‌ക്വയറിന് എതിർവശം ശംസുൽ ഉലമ നഗറിൽ നടന്ന സ്വീകരണ പൊതുയോഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ട്രഷറർ അസ്്ലം തങ്ങൾ അൽ മശ്്ഹൂർ അധ്യക്ഷനായി. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം. ഉമർകോയ പ്രാർഥന നടത്തി.
ജാഥാ ഡയരക്ടർ കെ. ഉമർ ഫൈസി മുക്കം, കോഡിനേറ്റർ അബ്ദുസ്സലാം ബാഖവി വടക്കേകാട്, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി ത്വാഹിർ, ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ, മുൻ മേയർ ടി.ഒ മോഹനൻ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി സംസാരിച്ചു.
അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ശരീഫ് റഹ്‌മാനി നാട്ടുകൽ വിഷയാവതരണം നടത്തി. സ്വാഗതസംഘം വർക്കിങ് കൺവീനർ അബ്ദുൽ ബാഖി സ്വാഗതവും സിദ്ദീഖ് ഫൈസി വെൺമണൽ നന്ദിയും പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അലവി ഫൈസി കുളപ്പറമ്പ്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഒളവണ്ണ അബൂബക്കർ ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, ബഷീർ ഫൈസി ചീക്കോന്ന, കൊടക് അബ്ദുസ്സലാം ഫൈസി, ഉസ്മാൻ ഫൈസി തോടാർ, അസി. കോർഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."