അരുണാചലില്‍ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം: പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം, അന്വേഷണത്തിന് പൊലിസ്
തിരുവനന്തപുരം: ദമ്പതികളുടേയും സുഹൃത്തായ അധ്യാപികയുടേയും മരണവുമായി ബന്ധപ്പെട്ട ദുര്‍മന്ത്രവാദ ആരോപണത്തില്‍ അന്വേഷണത്തിന് പൊലിസ്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോണ്‍ വിവരങ്ങളും പൊലിസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), സുഹൃത്ത് ആര്യ (29) എന്നിവരെ അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാനില്ലായിരുന്നു.
സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരത്തില്‍ വ്യത്യസ്തതരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തംവാര്‍ന്നാണ് എല്ലാവരുടെയും മരണം. മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് (ദുര്‍മന്ത്രവാദം) ആണെന്ന സംശയത്തിലാണ് നാട്ടുകാരും പൊലിസും. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളും നവീന്റെ ഫോണില്‍ നിന്ന് അരുണാചല്‍പ്രദേശ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് കേരള പൊലിസിന്റെ തീരുമാനം.
ഇന്നലെ രാത്രിയോടെ വട്ടിയൂര്‍ക്കാവ് പൊലിസ് അരുണാചല്‍പ്രദേശിലേക്ക് യാത്രതിരിച്ചിരുന്നു. ഇന്ന് ഇറ്റാനഗറിലെ ഹോട്ടലില്‍ എത്തുന്ന കേരളാ പൊലിസ് വിശദമായ പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലിസ് അന്വേഷിക്കുന്നതിനിടെ സഹ അധ്യാപികയായിരുന്ന ദേവി, ഭര്‍ത്താവ് നവീന്‍ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവരും തിരുവനന്തപുരത്ത് നിന്ന് ഒരേവിമാനത്തില്‍ ഗുവാഹത്തിയിലേക്ക് പോയതായി വിവരം ലഭിച്ചു. അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
നവീനും ദേവിയും വിനോദയാത്രയ്ക്ക് എന്ന പേരിലാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇവര്‍ തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ പഠിക്കുമ്പോള്‍ പ്രണയിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയുമായിരുന്നു. തുടര്‍ന്ന് നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലേക്ക് തിരിയുകയായിരുന്നു. ദേവി തിരുവനന്തപുരത്തെ സ്‌കൂളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്നു. കൊവിഡിനുശേഷം ഇവര്‍ ജോലിക്ക് പോയിരുന്നില്ല. ആര്യ ഇതേ സ്‌കൂളില്‍ ഫ്രഞ്ച് പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന.
പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. പ്രശസ്ത കലാകാരന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബന്ധുവുമാണ്. ദേവിയും ഭര്‍ത്താവും ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണുപോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയാര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ബോധവല്‍കരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദൂരൂഹമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."