തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്
ദുബൈ: അമിതവേഗതയിൽ പായുകയും എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീജ്വാലകൾ പുറപ്പെടുവിക്കുകയും ചെയ്ത സൂപ്പർകാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്. നിയമവിരുദ്ധമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയതിനാണ് നടപടി. കാർ ഉടമയ്ക്ക് 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം രൂപ) പിഴ ചുമത്തുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ദൃശ്യമാണ് ഡ്രൈവർക്ക് വിനയായത്. അമിത ശബ്ദമുണ്ടാക്കിയും എക്‌സ്‌ഹോസ്റ്റിലൂടെ തീ പുറപ്പെടുവിച്ചും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് വിഭാഗം അന്വേഷണം തുടങ്ങുകയായിരുന്നു. തുടർന്ന് വാഹനം കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സാധാരണഗതിയിൽ ചില സൂപ്പർകാറുകളിൽ ആഫ്റ്റർഫയർ മൂലം ചെറിയ രീതിയിൽ തീജ്വാലകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വാഹനത്തിൽ മനഃപൂർവ്വം തീയും ശബ്ദവും ഉണ്ടാക്കാൻ പ്രത്യേക മോഡിഫിക്കേഷൻസ് വരുത്തിയതായി പൊലിസ് കണ്ടെത്തുകയായിരുന്നു.
ഇന്ധന വിതരണത്തിൽ മാറ്റം വരുത്തിയും എക്‌സ്‌ഹോസ്റ്റിലേക്ക് കൂടുതൽ ഇന്ധനം ഒഴുക്കിവിട്ടുമാണ് ഇത്തരം തീജ്വാലകൾ ഉണ്ടാക്കുന്നത്. പൊതുനിരത്തുകൾ ഇത്തരം അഭ്യാസങ്ങൾ കാണിക്കാനുള്ള ഇടമല്ലെന്നും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ഇത് വലിയ ശല്യവും അപകടവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം യുഎഇയിലെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പൊലിസ് വ്യക്തമാക്കി.
dubai police seized a modified supercar and fined the driver ten thousand dirhams after a viral video showed illegal exhaust flames and reckless driving. authorities warned that public roads are not for dangerous stunts or causing public disturbance through illegal modifications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."