In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?
നമ്മുടെ വീട്ടിലെ കുട്ടികൾ ഒന്ന് മെലിഞ്ഞാൽ, മതിയായ ആഹാരം ലഭിക്കാത്ത കുഞ്ഞുങ്ങളെ നമ്മൾ കണ്ടാൽ, നമ്മിൽ നിന്ന് നമ്മൾ അറിഞ്ഞോ അറിയാതെയോ തമാശ എന്ന നിലയ്ക്ക് പുറത്തേക്ക് വരുന്ന വംശീയ അധിക്ഷേപങ്ങളിൽ ഒന്നാണ് 'സൊമാലിയക്കാരെ' പോലെ എന്നത്. ഈയൊരു വാക്ക് പറഞ്ഞു വെക്കുമ്പോൾ സൊമാലിയയിലെ കുഞ്ഞുങ്ങൾ മെലിഞ്ഞൊട്ടിയത് എങ്ങനെയെന്നോ, അവർക്ക് ആഹാരം തടഞ്ഞത് ആരെന്നോ നമ്മൾ ചിന്തിക്കാറില്ല. ഈ മനുഷ്യരെ പട്ടിണി കോലങ്ങളാക്കി തീർക്കുന്നതിൽ അമേരിക്കയടങ്ങുന്ന പാശ്ചാത്യ ദേശങ്ങൾ വഹിച്ച പങ്കിനെ കുറിച്ച് നമ്മൾ ആരും ചർച്ച ചെയ്യാറുമില്ല. അത്തരമൊരു അധിനിവേശം വീണ്ടും സൊമാലിയയിൽ നടക്കാനുള്ള സാധ്യതകളാണ് ഈയിടുത്തിടെ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഇസ്രായേലിന്റെ പുതിയൊരു തീരുമാനം ഒരിക്കൽ കൂടി സൊമാലിയയിൽ സംഭവിക്കാൻ സാധ്യതയുള്ള പാശ്ചാത്യ അധിനിവേശത്തിലേക്കുള്ള സൂചനയാണ്. 1990കളിൽ സൊമാലിയയിൽ നിന്ന് വിട്ട് പോയി സ്വയം ഒരു രാഷ്ട്രം എന്ന് അവകാശപ്പെട്ട് കൊണ്ട് നിലനിൽക്കുന്ന സൊമാലി ലാൻഡ് എന്ന രാജ്യത്തെ ഇസ്രായേൽ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. സൊമാലി ലാൻഡിനെ അംഗീകരിക്കുന്ന ആദ്യത്തെ രാഷ്ട്രവും കൂടിയാണ് ഇസ്രായേൽ. ആഫ്രിക്കൻ യൂണിയനിന്റെയും, അറബ് ലീഗിന്റെയും വിമർശനങ്ങൾ പിടിച്ചു പറ്റിയ ഇസ്രായേലിന്റെ ഈ തീരുമാനത്തിന് പിന്നിൽ മറ്റു പല ഉദ്ദേശ ലക്ഷ്യങ്ങളും അടങ്ങിയിട്ടുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ.
സൊമാലിയയുടെ ചരിത്രവും സൊമാലി ലാൻഡിന്റെ പിറവിയും:
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് സൊമാലിയ. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് സൊമാലിയ എന്നതാണ് ഔദ്യോഗിക നാമം. എതിയോപ്യ, ജിബൂട്ടി, കെന്യ തുടങ്ങിയ രാജ്യവുമായി അതിർത്തി പങ്കിടുന്ന സൊമാലിയയുടെ വടക്ക് ഭാഗത്ത് ഗൾഫ് ഓഫ് ഏദനും, കിഴക്ക് ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 1.8 കോടി ജനസംഖ്യയുള്ള സൊമാലിയയുടെ തലസ്ഥാനം മൊഗഡിഷു എന്ന നഗരമാണ്. ജനസംഖ്യയുടെ ഏറ്റവും കൂടുതൽ സുന്നി മുസ്ലിംകൾ അധിവസിക്കുന്ന രാജ്യം കൂടിയാണ് സൊമാലിയ.
ആദ്യ കാലങ്ങളിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു സൊമാലിയ. അജുറൻ, അഡൽ, ഗെലേഡി സുൽത്താന്മാരുടെ കീഴിൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ സൊമാലിയ ഒരു വാണിജ്യ കേന്ദ്രമായി നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്, ഇറ്റാലിയൻ കോളനി വാഴ്ചയുടെ കീഴിലായ സൊമാലിയ ഇറ്റാലിയൻ സൊമാലി ലാൻഡ്, ബ്രിട്ടീഷ് സൊമാലി ലാൻഡ് എന്നിങ്ങനെ രണ്ട് ദേശങ്ങളായി വിഭജിക്കപ്പെട്ടു. 1960കളിൽ കോളനി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം കരസ്ഥമാക്കിയ സൊമാലിയ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് കീഴിയിൽ സൊമാലി റിപ്പബ്ലിക്കിന് രൂപം നൽകുകയും ചെയ്തു. എന്നാൽ ഈ ജനാധിപത്യ ഭരണ സംവിധാനം അധിക നാൾ നിലനിന്നില്ല. 1969ൽ 'സുപ്രീം റവലൂഷ്ണറി കൗൺസിൽ' (എസ് ആർ സി) ഭരണകൂടത്തെ അട്ടിമറിക്കുകയും സിയാദ് ബാരെ രാജ്യത്തിന്റെ ഭരണാധികാരിയാവുകയും ചെയ്തു. അവിടുന്നങ്ങോട്ട് സിയാദ് ബാരെയുടെ ഭരണത്തിന് എതിരെ ശക്തമായ സ്വഭാവത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ രൂപം കൊണ്ട് വരുന്നുണ്ട്. 1991ൽ അത് രാജ്യമാകെ വ്യാപിക്കുകയും സിയാദ് ബാരെയുടെ ഭരണകൂടം വീഴുകയും ചെയ്തു. ഈ വിപ്ലവത്തിന് ശേഷമാണ് സൊമാലി ലാൻഡ് എന്ന സ്വയം പ്രഖ്യാപിത രാജ്യം രൂപം കൊള്ളുന്നത്. സൊമാലിയയുടെ വടക്ക് പടിഞ്ഞാർ ഭാഗത്ത് നിലനിന്നിരുന്ന സൊമാലി ലാൻഡിനെ വിപ്ലവാനന്തരം സൊമാലി നാഷണൽ മൂവ്മെന്റ് സോമാലിയയിൽ നിന്ന് വേർപ്പെടുത്തി മറ്റൊരു രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തമായി കറൻസി, സൈന്യം, പതാക എന്നിവ സൊമാലി ലാൻഡിനുണ്ട്. പുതുതായി രൂപം കൊണ്ട സൊമാലി ലാൻഡ് എന്ന രാജ്യത്തെ സൊമാലിയയോ മറ്റു രാജ്യങ്ങളോ അംഗീകരിച്ചില്ല. എന്നാൽ മുപ്പത്തി നാല് വർഷങ്ങൾക്കിപ്പുറം ഇസ്രായേൽ ഔദ്യോഗികമായി സൊമാലി ലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുകയാണ്.
91ന് ശേഷം സൊമാലിയയിൽ പല ഇടക്കാല സർക്കാറുകൾ മാറി വരുന്നുണ്ട്. എത്യോപ്യയിലൂടെ യു എസ് അധിനിവേശവും, ആഭ്യന്തര സംഘർഷങ്ങളും സൊമാലിയയിലെ നിത്യ കാഴ്ചയായി നിലനിൽക്കെയാണ് മറ്റൊരു അധിനിവേശത്തിന് സാധ്യത തുറന്ന് കൊടുക്കുന്ന ഇസ്രായേലിന്റെ തീരുമാനം വരുന്നത്.
ഇസ്രായേലിന്റെ അംഗീകാരത്തിന് പിന്നിലെ ഉദ്ദേശങ്ങൾ:
ഇസ്രായേൽ സൊമാലി ലാൻഡിനെ അംഗീകരിച്ചതിൽ സൗദി അറേബ്യ, ഈജിപ്ത്, തുർക്കി മുതൽ പല രാജ്യങ്ങളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മേഖലയിലെ ആഭ്യന്തര സംഘർഷം കൂട്ടുന്നതിനും, വിഘടനവാദ സംഘങ്ങൾക്ക് ജന്മം നൽകുന്നതിനും ഇസ്രായേലിന്റെ തീരുമാനം കരണമാകുമെന്നാണ് വിയോജിപ്പിന് കാരണമായി ഈ രാജ്യങ്ങൾ വിശദീകരിക്കുന്നത്. സൊമാലിയ തന്നെയും ഇസ്രായേലിന്റെ തീരുമാനത്തിന് എതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ഈ എതിർപ്പുകൾ മുൻകൂട്ടി കണ്ടിട്ട് കൂടി ഇസ്രായേൽ സൊമാലി ലാൻഡിനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നത്.
ചെങ്കടലിനെയും, ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഗൾഫ് ഓഫ് ഏദൻ എന്നത്. സ്യൂയിസ് കനാലിലേക്കുള്ള പ്രധാന വഴികളിൽ ഒന്നായ ഈ കടലിടുക്കിന്റെ ഭാഗത്താണ് സൊമാലി ലാൻഡ് സ്ഥിതി ചെയ്യുന്നത്. ഗസ്സയിൽ 2023ന് ശേഷം ഇസ്രായേൽ നടത്തി വരുന്ന വംശഹത്യക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് യമനിലെ ഹൂതികൾ ഇസ്രായേൽ അനുകൂല കപ്പലുകൾക്ക് നേരെ വലിയ അക്രമങ്ങളാണ് ചെങ്കടലിൽ അഴിച്ചു വിട്ടത്. ഇത് കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തെ ബാധിക്കുകയും, കപ്പലുകൾ ദീർഘമേറിയ മറ്റു വഴികൾ ആശ്രയിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. കഴിഞ്ഞ വർഷം ഹമാസ് - ഇസ്രായേൽ സമാധാന കരാറിന് ശേഷം ഹൂതികൾ താത്കാലികമായി അക്രമം നിർത്തി വെച്ചിരിക്കുകയാണ്. ഹൂതികളുടെ ഭീഷണിയെ മറികടക്കാൻ വേണ്ടിയാണ് ഇസ്രായേൽ സൊമാലി ലാൻഡിനെ അംഗീകരിച്ചത് എന്നാണ് ഒരു നിരീക്ഷണം. ഔദ്യോഗികമായി അംഗീകരിക്കുന്നതിലൂടെ സൊമാലി ലാൻഡുമായി സൈനിക - നയന്ത്രത ബന്ധം ശക്തിപ്പെടുത്താനും അത് വഴി മേഖലയിൽ ഇസ്രായേൽ സൈന്യത്തെ വ്യാപിപ്പിച്ചു കൊണ്ട് ഹൂതികളെ ഗൾഫ് ഓഫ് ഏദൻ വഴി ഒതുക്കുക എന്നതാവണം ഇസ്രായേലിന്റെ ഒന്നാമത്തെ ലക്ഷ്യം.
കഴിഞ്ഞ മാർച്ചിൽ യു എസ്സും, ഇസ്രായേലും ചേർന്ന് ഗസ്സയിലെ ജനങ്ങളെ സൊമാലി ലാൻഡിലേക്ക് മാറ്റുന്നതിനെ കുറിച്ച് സൊമാലി ലാന്റുമായി ധാരണയിലെത്തിയിട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ സൊമാലി ലാൻഡിനെ ഇസ്രായേൽ അംഗീകരിച്ചതിന് പിന്നിലെ രണ്ടാമത്തെ കാരണം ഗസ്സയിലേക്കുള്ള ഇസ്രായേൽ അധിനിവേശമാണ്. ഗസ്സയിലെ ജനങ്ങളെ സ്വീകരിച്ചാൽ സൊമാലി ലാൻഡിന് പണവും, ആവശ്യമായ നയതന്ത്ര സഹായങ്ങളും ഇസ്രായേലും, യു എസ്സും വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. അങ്ങനെയെങ്കിൽ ട്രമ്പിന്റെയും അറിവോട് കൂടിയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം എന്ന് വേണം മനസ്സിലാക്കാൻ.
സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് ശേഷം ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ വാക്കുകൾ കൂടി ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ട ഒന്നാണ്. "എബ്രഹാം എക്കോഡിന്റെ ഭാഗമായി ഉണ്ടായ തീരുമാനം" എന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങളുമായി ഇസ്രായേൽ ഉണ്ടാക്കിയ നയതന്ത്ര കരാറാണ് എബ്രഹാം എക്കോഡ് എന്നത്. ഈ കരാറിലൂടെ മുസ്ലിം രാജ്യങ്ങളെ ഇസ്രായേലിന് അനുകൂലമായി നിർത്താൻ ഏറെക്കുറെ ഇസ്രായേലിന് സാധിച്ചു. അങ്ങനെ ഈജിപ്‌ത് മുതൽ സൗദി വരെ നീളുന്ന സയണിസ്റ്റ് അധിനിവേശ പദ്ധതിയായ 'ഗ്രൈറ്റർ ഇസ്രായേൽ' എന്ന സയണിസ്റ്റ് അജണ്ടയുടെ ഭാഗമായി ഉണ്ടാക്കപ്പെട്ട എബ്രഹാം എക്കോഡിന്റെ ഭാഗമായിയാണ് സൊമാലി ലാൻഡിനെ അംഗീകരിച്ചതെന്ന് ഇസ്രായേൽ പ്രധാന മന്ത്രി പറയുമ്പോൾ, ഗസ്സക്ക് പുറത്തേക്കും ഭാവിയിൽ നീളാൻ സാധ്യതയുള്ള സയണിസ്റ്റ് അധിനിവേശത്തെ തന്നെയാണ് അത് സൂചിപ്പിക്കുന്നത്.
English summary : Casual racial slurs often used to describe malnourished children ignore the long history of external interventions and Western policies that have contributed to Somalia’s humanitarian crisis. Recent developments suggest the possibility of renewed geopolitical interference, as Israel has become the first country to officially recognise Somaliland, a self-declared state that broke away from Somalia in 1991. The move has drawn criticism from the African Union, Arab League, and several regional powers, who warn it could fuel instability and separatism. Political analysts argue that Israel’s decision is driven by strategic interests linked to Red Sea security, Gaza, and broader regional alliances under the Abraham Accords.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."