പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: പുനർജനി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് മുഖ്യമന്ത്രിക്ക് കൈമാറി. 'പുനർജനി' പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ചതിൽ ക്രമക്കേടുണ്ടെന്നെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
2010-ലെ എഫ്.സി.ആർ.എ (FCRA) നിയമത്തിന്റെ ലംഘനം നടന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്രാനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി പണം പിരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിദേശ ഇടപാടുകൾ അന്വേഷിക്കുന്നതിൽ വിജിലൻസിന് പരിമിതികളുണ്ടെന്നും, അതിനാൽ സിബിഐ അന്വേഷണമാണ് ഉചിതമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയറിലെ നിബന്ധനകൾ (അനുബന്ധം 2, റൂൾ 41) പ്രകാരം സതീശനെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയകാലത്ത് വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 'പുനർജനി' എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിലേക്ക് വിദേശത്തുനിന്നും മറ്റും ഫണ്ട് ശേഖരിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.
The Vigilance Department has recommended a CBI investigation into allegations of irregularities in the Punarjani project, led by Opposition Leader V D Satheesan. The project, aimed at rehabilitating flood victims, is suspected of misusing foreign funds, with the Vigilance submitting its report to the Chief Minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."