തവനൂര്‍ ബാലമന്ദിരത്തില്‍ കഴിയുന്ന അന്തേവാസിക്ക് ഭൂമിയും വീടും സ്വന്തമായി
മലപ്പുറം: തവനൂര്‍ ബാലമന്ദിരത്തില്‍ കഴിയുന്ന അന്തേവാസിക്കു സാമൂഹ്യനീതിവകുപ്പിന്റെ ഇടപെടല്‍ മൂലം പണയത്തിലായി നഷ്ടപ്പെടേണ്ടിയിരുന്ന ഭൂമിയും വീടും തിരിച്ചു കിട്ടി. ഇതിനുള്ള തുകയുടെ ചെക്ക് ജില്ലാകലക്ടര്‍ എ.ഷൈന മോള്‍ കൈമാറി.
2014ല്‍ അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയതിനെത്തുടര്‍ന്നു സാമൂഹിക നീതി വകുപ്പു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഇടപെട്ടാണു വിദ്യാര്‍ഥിയായ അന്തേവാസിയെ ബാലമന്ദിരത്തിലേക്കു കൊണ്ടുപോയിരുന്നു. തുടര്‍ന്നു ചില്‍ഡര്‍ഡന്‍സ് വെല്‍ഫയര്‍ യൂനിറ്റ് പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും സ്ഥലവും അന്വേഷിച്ചപ്പോഴാണ് 12 വര്‍ഷം മുമ്പ് വീടിന്റെ അറ്റകുറ്റപണികള്‍ക്കായി കൊണ്ടോട്ടി പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ വീടിന്റെ ആധാരം പണയം വെച്ചതായി മനസ്സിലാക്കിയത്.
ബാങ്കില്‍ നിന്നും 40000 രൂപയാണു കുട്ടിയുടെ അമ്മ എടുത്തിരുന്നത്. തുടര്‍ന്നു ബാങ്ക് കുടിശിക കണ്ടെത്താനുള്ള ശ്രമം നടത്തുകയും ബാധ്യതയായ 86913 രൂപ സാമൂഹിക നീതി വകുപ്പു സംയോജിത ബാലസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുകയും ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ.വി സുഭാഷ്‌കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി. ഷാജി, കൗണ്‍സിലര്‍ ഇ.കെ. മുഹമ്മദ് ഷാ, സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.സി. മോളി കൊണ്ടോട്ടി പ്രാഥമിക ഗ്രാമ കാര്‍ഷിക വികസന ബാങ്ക് ചെറുകാവ് ബ്രാഞ്ച് സൂപ്പര്‍ വൈസര്‍ ശങ്കരനാരായണന്‍, പ്രസിഡന്റ് സക്കീര്‍, സെക്രട്ടറി ജയചന്ദ്രന്‍എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."