പിഞ്ചുകുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ വച്ച് പാപ്പാന്റെ സാഹസം; കുഞ്ഞ് താഴെ വീണു- ഞെട്ടിക്കുന്ന വീഡിയോ
ആലപ്പുഴ: ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ആനയുടെ മുമ്പില്‍ പാപ്പാന്റെ അഭ്യാസം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ മുന്നിലാണ് കുഞ്ഞുമായി പാപ്പാന്‍ സാഹസത്തിന് മുതിര്‍ന്നത്.
കുഞ്ഞുമായി ആനയുടെ കാലിനടിയിലൂടെ നടക്കുന്നതും തുമ്പിക്കൈയില്‍ ഇരുത്തുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ഇതിനിടെ കുഞ്ഞ് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ ചോറൂണ് ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍വെച്ച് നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആനത്താവളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. താല്‍ക്കാലിക പാപ്പാനായ കൊട്ടിയം അഭിലാഷാണ് കുട്ടിയുമായി ആനയ്ക്കരികിലെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ രണ്ട് പാപ്പാന്‍മാരെ സ്‌കന്ദന്‍ ആക്രമിക്കുകയും ഇതില്‍ ഒരു പാപ്പാന്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മാസങ്ങളായി സ്‌കന്ദനെ തളച്ചിട്ടിരിക്കുകയാണ്. ഇതുവരെ ആനയെ ഇവിടെനിന്ന് മാറ്റിയിട്ടില്ല. കെട്ടിയ സ്ഥലത്തു തന്നെ ആനയ്ക്ക് ഭക്ഷണവും നല്‍കുകയാണ്. ഈ ആനയ്ക്കരികിലേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്. സംഭവത്തില്‍ ആനയുടെ പാപ്പനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."