സംവരണ വിഭാഗക്കാർ ഉയർന്ന മാർക്ക് നേടിയാൽ ജനറൽ ആയി പരിഗണിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികൾ ജനറൽ വിഭാഗത്തിനു നിശ്ചയിച്ച കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് നേടിയാൽ അവരെ ജനറൽ (ഓപൺ) ക്വാട്ടയിൽ തന്നെ നിയമിക്കണമെന്ന് സുപ്രിംകോടതി.
ഒരു സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥി യാതൊരു ഇളവുകളും ആനുകൂല്യവും ഉപയോഗിക്കാതെ ജനറൽ ഉദ്യോഗാർഥികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ, അത്തരം ഉദ്യോഗാർഥിയെ നിയമന പ്രക്രിയയിൽ ജനറൽ തസ്തികകളിലേക്ക് പരിഗണിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ജനറൽ ക്വാട്ടയെന്നത് ആരുടെയും സംവരണമല്ലെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാനിലെ ജുഡിഷ്യൽ റിക്രൂട്ട്മെന്റിൽ ജനറൽ വിഭാഗക്കാരേക്കാൾ മികച്ച പ്രകടനം സംവരണ വിഭാഗക്കാർ നടത്തിയതോടെ അവരുടെ കട്ട് ഓഫ് മാർക്ക് ഉയർന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ദീപങ്കർ ദത്ത, എ.ജെ മസീഹ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് സുപ്രധാനവിധി. രാജസ്ഥാൻ ഹൈക്കോടതി, ജില്ലാ കോടതികൾ തുടങ്ങിയവയിലെ ജൂനിയർ ജുഡിഷ്യൽ അസിസ്റ്റന്റ് ആൻഡ് ക്ലർക്ക് തസ്തികയിലേക്കുള്ള പരീക്ഷയിൽ എസ്.സി/ എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലെ നിരവധി ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിലെ കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് ലഭിച്ചു.
നിയമനത്തിനിടെ പട്ടികയിൽനിന്ന് പുറത്തായ സംവരണ ഉദ്യോഗാർഥികൾ നൽകിയ ഹരജിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികളെ ജനറലായിത്തന്നെ പരിഗണിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് രാജസ്ഥാൻ ഹൈക്കോടതി അഡ്മിനിസ്ട്രേഷനും രജിസ്ട്രാറും നൽകിയ അപ്പീൽ തള്ളിയാണ് വിധി കഴിഞ്ഞദിവസം സുപ്രിംകോടതി ശരിവച്ചത്.
വിഭാഗംതിരിച്ചുള്ള പട്ടികയുണ്ടാക്കൽ അനുവദനീയമാണെങ്കിലും മികവുകാണിച്ച സംവരണ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റിങ് ഘട്ടത്തിൽത്തന്നെ ഓപൺ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."